1

കുട്ടനാട്: കാർമ്മൽ അക്കാ‌ദമി ഹയർസെക്കൻഡറി സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആതിര അനിലിന് മനസിൽ തട്ടുന്നതെന്തും നിമിഷങ്ങൾക്കുള്ളിൽ കവിതയാക്കി മാറ്റാനുള്ള സിദ്ധി തന്നെയുണ്ട്. എന്നാൽ,​ കുഞ്ഞിലേ എഴുതിയ 30 ഓളം കവിതകൾ ചേർത്ത് 'മഴനീർമുത്തുകൾ' എന്ന പേരിൽ ഒരു സമാഹാരം അടുത്തിടെ പുറത്തിറക്കിയതോടെയാണ് ഈ കുഞ്ഞുപ്രതിഭയെ നാട് അറിഞ്ഞത്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ കുഞ്ഞുകവിതകൾ കുത്തിക്കുറിക്കുമായിരുന്ന ആതിര, അഞ്ചിലെത്തിയപ്പോഴേയ്ക്കും സ്ക്കൂൾ ലൈബ്രറിയിൽ നിന്ന് കവിതാസമാഹാരങ്ങൾ തേടിപ്പിടിച്ച് വായിക്കുന്നത് ശീലമാക്കി. ആതിരയ്ക്ക് എഴുതാനുള്ള കഴിവുണ്ടെന്ന് മനസിലാക്കിയ ലൈബ്രറിയുടെ ചുമതലക്കാരിയായ ആനി ടീച്ചർ

'ഞാൻ കണ്ട കൊവിഡ് കാലം' എന്ന വിഷയത്തിൽ ഒരു ഉപന്യാസമെഴുതാൻ അവശ്യപ്പെട്ടത് ഇതിനിടെയാണ്. അടുത്ത ദിവസം അതുവായിച്ച് അത്ഭുതപ്പെട്ട അദ്ധ്യാപിക,​ എഴുത്തിൽ നല്ലെരുഭാവിയുണ്ടെന്ന് പറഞ്ഞ് അനുഗ്രഹിച്ചതോടെ ആതിരയുടെ ആത്മവിശ്വാസം ഇരട്ടിയായി.

മനസിൽ തട്ടിയ അനുഭവങ്ങളാണ് 'മഴനീർമുത്തുകൾ' എന്ന സമാഹാരത്തിലെ മിക്ക കവിതകളുടെയും പ്രമേയം. ആ പൂവിൻ ഗന്ധം തേടി എന്ന ആദ്യ കവിത മുതൽ നേര് എന്ന മുപ്പതാമത്തെ കവിതവരെ കണ്ണോടിച്ചാൽ അത് മനസിലാകും. നൂറനാട് ഉൺമ പബ്ലിക്കേഷൻസ് നേതൃത്വത്തിൽ ഇക്കഴിഞ്ഞ 12ന് അക്ഷരമുറ്റം പരിപാടിയിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം.

ആലപ്പുഴ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ഓഫീസിലെ ക്ലാർക്ക് വി.അനിലിന്റെയും മുൻസിപ്പൽ ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് ആലപ്പുഴ ഓഫീസ് അറ്റന്റർ ശുഭലക്ഷമിയുടെയും ഏകമകളാണ് ആതിര അനിലിൽ.