മാന്നാർ: ചെന്നിത്തല കാരാഴ്ച ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ അൻപൊലി മഹോത്സവത്തോടനുബന്ധിച്ച് കാരാഴ്മ സ്വദേശിയായ കാരാഴ്മ വേണുഗോപാൽ എഴുതി സോപാനസംഗീത കലാകാരി ഇരിങ്ങാലക്കുട സ്വദേശി ആശ സുരേഷ് സംഗീതം നൽകി. അവർ തന്നെ പാടിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഇടയ്ക്കയുടെ മാത്രം പിൻബലത്തിൽ സോപാനസംഗീത രീതിയിൽ ആലപിച്ച് 'അൻപൊലി' എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോ റിലീസായി പത്ത് ദിവസത്തിനുള്ളിൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പതിനഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ട് കഴിഞ്ഞത്. നിരവധി ഭക്തിഗാനങ്ങളുടെ രചയിതാവാണ് മാദ്ധ്യമപ്രവർത്തകൻ കൂടിയായ കാരാഴ്മ ജി. വേണുഗോപാൽ. ആശ സുരേഷ്ണ് ഫേസ്ബുക്ക് പേജിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ഈ പാട്ട് റിലീസ് ചെയ്തത്. ശരാശരി ഒരു ദിവസം ഒന്നര ലക്ഷം പേർ വീതം കണ്ടു എന്നാണ് സോഷ്യൽ മീഡിയ നൽകുന്ന കണക്ക്. ഒരു പ്രാദേശിക ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഇറങ്ങിയിരിക്കുന്ന പാട്ടുകളിൽ ഇത്ര കുറച്ചു സമയംക്കൊണ്ട് ഇത്രയധികം പേരിലേക്ക് എത്തിയ പാട്ടുകൾ ചുരുക്കമായിരിക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.