thottu

ആലപ്പുഴ: മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിലെ പ്രളയജലം കടലിലേയ്ക്ക് ഒഴുക്കി വിടുന്നതിനായി തോട്ടപ്പള്ളി പൊഴിമുഖം തുറക്കുന്ന ജോലികൾ ആരംഭിച്ചു. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ വെള്ളപ്പൊക്കം തടയാനാണ് ജലസേചനവകുപ്പ് പാെഴിമുഖം കടലിലേയ്ക്ക് തുറക്കാനുള്ള താത്കാലിക ചാൽ വെട്ടുന്നത്. ക്രമാതീതമായി ജലനിരപ്പ് ഉയർന്നാൽ ഏത് സമയവും കടലിലേയ്ക്ക് തുറന്ന് വിടാൻ കഴിയുന്ന തരത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. വീട്ടുമുറ്റത്തെയും പറമ്പുകളിലെയും പച്ചക്കറി ഉൾപ്പടെയുള്ള കൃഷികൾക്ക് വെള്ളക്കെട്ട് ഭീഷണിയായിട്ടുണ്ട്. ഇതിനെ തുടർന്നാണ് മന്ത്രി പി.പ്രസാദ് ഓൺലൈനായി നടത്തിയ യോഗത്തിൽ പൊഴിമുഖം അടിയന്തരമായി തുറക്കാൻ ജലസേചന വകുപ്പിന് നിർദ്ദേശം നൽകിയത്. ഇതിന്റെ ഭാഗമായി തോട്ടപ്പള്ളി സ്പിൽവേ പാലത്തിലെ 40ഷട്ടറുകളിൽ 39എണ്ണവും മെക്കാനിക്കൽ വിഭാഗം ഉയർത്തി. ഏഴാം നമ്പർ ഷട്ടർ അഞ്ച് വർഷം മുമ്പ് വേലിയേറ്റത്തിൽ ഒലിച്ചു പോയിരുന്നു. ഈ ഭാഗം മണൽചാക്ക് ഉപയോഗിച്ച് അടച്ചിരിക്കുകയാണ്.

നാല് വർഷം കഴിഞ്ഞിട്ടും ആഴം കൂട്ടിയില്ല

1.അതേസമയം,​ സ്പിൽവേ കനാലിലെ നീരൊഴുക്ക് ശക്തമാക്കാനുള്ള ആഴം വർദ്ധിപ്പിക്കൽ പാതി വഴിയിലാണ്. വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള ലീഡിംഗ് ചാനലിന്റെയും സ്പിൽവേ പാലത്തിനും പൊഴിമുഖത്തിനും ഇടയിലുള്ള ഭാഗത്ത് ആഴം വർദ്ധിപ്പിക്കുന്നതാണ് പദ്ധതി

2. 11കിലോമീറ്റർ നീളമുള്ള ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടൽ നാല് വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. ഈ ഭാഗത്തെ മണലും മാലിന്യം നീക്കാത്തത് നീരൊഴുക്ക് തടസപ്പെടുത്തും. തോട്ടപ്പള്ളി തുറമുഖത്ത് മണൽ അടിഞ്ഞുകൂടിയത് ബോട്ടുകൾ അടുക്കാൻ തടസമാണ്

താത്കാലികചാൽ (മീറ്റർ)

നീളം: 190

വീതി: 20

താഴ്ച: 3

ഷട്ടറുകൾ: 40 എണ്ണം
ഉയർത്തിയത്: 39