അമ്പലപ്പുഴ: മെഡിക്കൽ കോളേജിനോട് ചേർന്ന് റോഡരുകിൽ മാലിന്യ കൂമ്പാരം. പൊറുതിമുട്ടി രോഗികളും നാട്ടുകാരും. ആശുപത്രിയുടെ വടക്കേ മതിലിന് പുറത്ത് ആശുപത്രി ജംഗ്ഷൻ - മാധ മുക്ക് റോഡരിലാണ് മാലിന്യം കൂമ്പാരമായി കിടക്കുന്നത്. പ്രദേശത്തെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള കച്ചവടസ്ഥാപാനങ്ങളിൽ നിന്ന് തള്ളുന്ന ഖര,ജൈവ മാലിന്യമാണ് കുന്നു കൂടിക്കിടക്കുന്നത്. ഇതോടെ ആശുപത്രിയുടെ ചെറിയ ഗെയിറ്റിലൂടെ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. മാലിന്യത്തിന്റെ ദുർഗന്ധം സഹിച്ചുവേണം നാട്ടുകാർക്കും രോഗികൾക്കും ഇതുവഴി സഞ്ചരിക്കാൻ. മഴവെള്ളത്തിൽ മാലിന്യവും കലർന്ന് റോഡിലൂടെ ഒഴുകുന്നത് എലിപ്പനിപോലുള്ള സാംക്രമിക രോഗങ്ങൾ പടരാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് കൂട്ടിരിപ്പുകാരും നാട്ടുകാരും.