gopi

ആലപ്പുഴ: തമിഴ് സിനിമകളിൽ ലഭിക്കുന്ന പ്രോത്സാഹനം തവിൽ, നാഗസ്വരം തുടങ്ങിയ വാദ്യകലകൾക്ക് മലയാളത്തിൽ ലഭിക്കുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രശസ്ത തവിൽ വിദ്വാൻ ആലപ്പുഴ എസ്.വിജയകുമാറിന്റെ സുവർണ്ണമുദ്ര സമർപ്പണ സമ്മേളനവും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴിൽ വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നത്. പ്രേം നസീറിന്റെ കാലത്ത് ഒറ്റപ്പെട്ട സിനിമകളിൽ മാത്രമാണ് പ്രോത്സഹനം ലഭിച്ചത്. താൻ അഭിനയിച്ച ചിത്രങ്ങളിൽ ഇരുകലകൾക്കും പ്രോത്സാഹനം ലഭിക്കുന്ന രംഗങ്ങൾ ഇല്ലായിരുന്നു. ജന്മനാടായതിനാൽ ആലപ്പുഴയോട് വൈകാരികമായ ബന്ധമാണുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. തവിൽ വിദ്വാൻ ആലപ്പുഴ എസ്.വിജയകുമാറിന് തിരുവിഴ ജയശങ്കർ സുവർണ്ണമുദ്ര സമർപ്പിച്ചു. ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഹാളിൽ നടന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ എ.എൻ.പുരം ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്തി പത്രസമർപ്പണം എ.എം.ആരിഫ് എം.പി നിർവഹിച്ചു. മുതിർന്ന നാദസ്വര വിദ്വന്മാരെ പെരുവനം കുട്ടൻന്മാരാർ ആദരിച്ചു. ആലപ്പുഴ എസ്.വിജയകുമാർ രചിച്ച തവിൽനാദം എന്ന പുസ്തകകത്തിന്റെ ആദ്യകോപ്പി വൈക്കം ക്ഷേത്രകലാപീഠം പ്രിൻസിപ്പാൾ എസ്.പി.ശ്രീകുമാറിന് നൽകി പ്രകാശനം നിർവഹിച്ചു. എം.കെ.മോഹൻകുമാർ, ലതിക സുഭാഷ്, എ.ശിവസുബ്രഹ്മണ്യം, പി.വെങ്കിട്ടരാമഅയ്യർ, അജിത് പേരകം, ടി.കെ.രമ എന്നിവർ സംസാരിച്ചു. ചടങ്ങിന് മുന്നോടിയായി നടന്ന തവിൽസംഗമം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.