കുട്ടനാട്: പമ്പയാറിന് നടുവിലെ കാട് ഇഴജന്തുക്കളുടെ സങ്കേതമായതോടെ നാട്ടുകാർ പൊറുതിമുട്ടി. ഒരുപ്രത്യേകതരം ജലസസ്യം കുന്നുപോലെ പിടിച്ചും അതിൽ മറ്റുചെടികളും പടർപ്പും പറ്റിപ്പിടിക്കുകയും ചെയ്തതോടെയാണ് ഒരുചെറുതുരുത്തുപോലെ കാട് രൂപപ്പെട്ടത്. രാമങ്കരി പഞ്ചായത്തിലെ മാമ്പുഴക്കരിക്കും കിടങ്ങറയ്ക്കും ഇടയിൽ പമ്പയാറ്റിൽ ഒരു ചതുരശ്ര കിലോമീറ്ററിലേറെ വ്യാപ്തിയിലും ഒന്നര മീറ്ററിലേറെ ഉയരത്തിലുമാണ് പകൽ പോലും ഇരുട്ടുമൂടി വർഷങ്ങളായി കാട് വളർന്ന് നിൽക്കുന്നത്. ഇവിടം ഇഴജന്തുക്കളുടെ താവളമായതോടെ രാത്രിയിൽ പുറത്തിറങ്ങാൻ കഴിയാത്തവിധം ജീവന് തന്നെ ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു. എം.എൽ.എ ഉൾപ്പെടെയുള്ള അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. മഴശക്തമാകുകയും കിഴക്കൻ വെള്ളം ആറ്റിലേക്ക് എത്തുകയും ചെയ്യുന്നതോടെ ഒഴുക്ക് തടസ്സപ്പെട്ട് ജലനിരപ്പ് ഉയരാനും പ്രദേശത്തെ വീടുകൾ വെള്ളത്തിലാകാനും സാദ്ധ്യതയുണ്ട്. അതിനാൽ കാട് വെട്ടിത്തെളിച്ച് പമ്പയാറ്റിലെ ഒഴുക്ക് സുഗമമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.