photo

ചേർത്തല: ചേർത്തല പൊലീസ് സ്റ്റേഷന് സമീപം ദേശീയപാത മുറിച്ചുകടക്കുന്ന ഭാഗത്ത് ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ് മുറിച്ച് പൈപ്പിട്ട സ്ഥലം അപകടക്കെണിയാകുന്നു. മഴ കനത്തതോടെ റോഡ് മുറിച്ച ഭാഗത്ത് കുഴി രൂപപ്പെട്ടതാണ് വിനയായത്. ചേർത്തല ഭാഗത്ത് നിന്ന് പടിഞ്ഞാറൻ ഭാഗത്തേയ്ക്കുള്ള പ്രധാന റോഡാണ് ഇത്. ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾക്ക് കാരണമായതും നിരവധി പേരുടെ മരണത്തിന് ഇടയാക്കിയതുമായ സ്ഥലമാണ് ഇവിടം. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. സുരക്ഷിത യാത്ര ഒരുക്കേണ്ട ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്താണ് ആഴത്തിലുള്ള കുഴി രൂപപ്പെട്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. പൊതുമരാമത്ത് വകുപ്പും ദേശീയ പാത അതോർട്ടിയും അടിയന്തര ഇടപെടൽ നടത്തി പരിഹാരം കണ്ടില്ലെങ്കിൽ വൻ അപകടങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.