ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ദുരിതം വിതച്ച് വെള്ളക്കെട്ടുകൾ. കാനകൾ ശുചീകരിക്കാത്തതിനാൽ ചെറിയ മഴയിൽ പോലും ആലപ്പുഴ നഗരത്തിലെ റോഡുകൾ തോടായി മാറുന്നു. റോഡുകളുടെ സമീപത്ത് താമസിക്കുന്ന കുടുംബങ്ങൾ, വ്യാപാരശാലകൾ, യാത്രക്കാർ എന്നിവർക്കാണ് വെള്ളക്കെട്ട് ദുരിതം സമ്മാനിക്കുന്നത്. നഗരസഭയ്ക്ക് പുറമേ ദേശീയപാത, പൊതുമരാമത്ത്, എന്നീ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ളതാണ് റോഡുകൾ. പ്രധാന പാതയുടെ ഇരുവശത്തും കാനകളോടെയാണ് നിർമ്മിച്ചിട്ടുള്ളത്. ഇതിന്റെ പരിപാലന ചുമതല ഓരോ വകുപ്പിനാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതിലെ ചെളിയും മറ്റ് മാലിന്യങ്ങളും നഗരസഭയുടെ സഹകരണത്തോടെയാണ് നീക്കം ചെയ്യുന്നത്. ഇത്തവണ ഇതിനായുള്ള യോഗം ചേർന്നില്ല,​ കാനകളിലെ മാലിന്യം നീക്കിയതുമില്ല. ഇത് നീരൊഴുക്ക് തടസപ്പെടാൻ ഇടയായി. നഗരസഭയുടെ ഗ്രാമീണ റോഡുകളുടെ ഒരുഭാഗം കാനയാണ്. പിച്ചു അയ്യർ മുതൽ കളർകോട് വരെ റോഡ് വരെ പഴയ ദേശീയപാതയാണ്. മറ്റ് റോഡുകൾ പൊതുമരാമത്ത് വകുപ്പിന്റേതും. നഗരത്തിൽ ഇരുമ്പു പാലത്തിന് തെക്ക് ഭാഗത്തെ വാർഡുകളിലെ കാനകളിലെ ജലം റാണി, ഷഡാമണി തോടുകളിലൂടെ വാടപൊഴിയിലൂടെ കടലിലേക്കും വടക്കൻ മേഖലയിലെ കാനകളിലെ വെള്ളം വാടക്കനാൽ, എ.എസ് കനാലിലൂടെ വേമ്പനാട്ട് കായലിലേക്കുമാണ് ഒഴുക്കുന്നത്. ഇത്തവണ റാണി, ഷഡാമണി തോടുകൾ ശുചീകരിച്ചിട്ടില്ല.

........

#നീരൊഴുക്ക് തടസപ്പെട്ടു

വൈറ്റ് ടോപ്പിംഗ് പൂർത്തീകരിച്ച റോഡുകളിൽ പുതിയതായി നിർമ്മിച്ച കാനകളിലെ വെള്ളം ഒഴുക്കി വിടാൻ കഴിയാതെ റോഡിലൂടെ നിരന്നൊഴുകുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. കഴിഞ്ഞദിവസത്തെ മഴയിൽ മുല്ലയ്ക്കൽ ഗണപതി കോവിൽ മുതൽ സീറോ ജംഗ്ഷൻ വരെയും പഴവങ്ങാടി ജംഗ്ഷൻ മുതൽ പിച്ചുഅയ്യർ ജംഗ്ഷൻ വഴി വൈ.എം.സി.എ പാലം വരെയും ഭാഗത്ത് റോഡ് തോടായിമാറി. കൈചൂണ്ടിമുക്ക് മുതൽ കൊമ്മാടി, ജനറൽ ആശുപത്രി മുതൽ കളക്ടറേറ്റ്, പുലയൻ വഴി വെള്ളക്കിണർ വരെ റോഡുകളിലെ വെള്ളം ഒഴുകാത്താവസ്ഥയാണ്.

.................

"നഗരസഭയുടെ കാനകൾ ശുചീകരിക്കുന്ന ജോലികൾ ഒന്നരമാസമായി നടത്തിവരികയാണ്. പൊതുമരാമത്ത് വകുപ്പിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കാന വൃത്തിയാക്കാൻ തയ്യാറല്ലാത്ത സാഹചര്യത്തിൽ കളക്ടർക്ക് കത്ത് നൽകി.

കെ.കെ.ജയമ്മ, ചെയർപേഴ്സൺ, നഗരസഭ