മാന്നാർ : കടുത്ത ചൂടും വേനൽമഴയും തകർത്ത പ്രതീക്ഷകളുമായി അപ്പർ കുട്ടനാട്ടിലെ കർഷകർ ഈ സീസണിലെ നെല്ല് സംഭരണം പൂർത്തിയാക്കിയപ്പോൾ പറയാൻ നഷ്ടക്കണക്കുകൾ മാത്രം. ഈർപ്പത്തിന്റെ പേരിൽ ചുമത്തിയ കിഴിവാണ് കർഷകർക്ക് തിരിച്ചടിയായത്.
കൃഷിയിറക്കുന്നതിൽ വന്ന താമസവും നാളിതുവരെ കാണാത്ത കനത്ത ചൂടും വിളവിനെ ബാധിച്ചതിനു പുറമെ മില്ലുകാരുടെ ചൂഷണവും നെൽകർഷകരെ വലച്ചു. വേനൽമഴക്ക് മുമ്പായി കൊയ്ത നെല്ല് എങ്ങനെയെങ്കിലും കയറ്റിവിടാനുള്ള തത്രപ്പാടിലായിരുന്നു കർഷകർ.
ഏഴര ശതമാനം കിഴിവിനു ഉദ്യോഗസ്ഥർ നിർദ്ദേശിച്ച മാന്നാർ നാലുതോട് പാടശേഖരത്തിൽ മില്ലുകാർ 15ശതമാനം കിഴിവ് ആവശ്യപ്പെട്ട് സംഭരണം മുടക്കിയതിനെത്തുടർന്ന് കർഷകർ ഉദ്യോഗസ്ഥരെ തടഞ്ഞു വയ്ക്കുകയുണ്ടായി. തുടർന്ന് ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ 10 ശതമാനം കിഴിവിനു നെല്ലെടുക്കാൻ ധാരണയായ മില്ലുകാർ മൂന്ന് ലോഡ് കയറ്റിക്കൊണ്ടുപോയ ശേഷം പതിനഞ്ച് ശതമാനം വേണമെന്ന് വാശിപിടിച്ചു. വേനൽ മഴയെത്തിയതോടെ കർഷകർക്ക് ഇതിനു വഴങ്ങേണ്ടിയും വന്നു. മൂന്ന് ലോഡ് കൊണ്ടുപോയ ശേഷം കിഴിവ് 20ശതമാനം വേണമെന്നായി. മഴ കനത്താൽ ഉള്ള നെല്ല് നശിച്ചു പോകുമെന്ന് ബോധ്യമായതോടെ മില്ലുകാരുടെ പിടിവാശിക്കു മുന്നിൽ വഴങ്ങി.
മില്ലുകാർ ഈടാക്കിയ കിഴിവ് 20 ശതമാനം വരെ
ഒരേക്കറിന് 40000-45000 രൂപ വരെ ചെലവഴിച്ച് കൃഷി ചെയ്ത കർഷകന് ഇത്തവണ ഒരേക്കറിൽ രണ്ടോ മൂന്നോ ക്വിന്റൽ നെല്ല് മാത്രമാണ് ലഭിച്ചത്
252 ഏക്കറിൽ 50 ലോഡ് ലഭിക്കേണ്ട സ്ഥാനത്ത് ഇക്കുറി ലഭിച്ചതു വെറും 10ലോഡ് നെല്ല് മാത്രം. ഇത് കൊയ്ത്ത് കൂലിക്ക് മാത്രമേ ആവുന്നുള്ളൂ. കൊയ്ത്ത് കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടപ്പോഴും നെല്ല് സംഭരിക്കാതെ കിഴിവിനായി മില്ലുകാർ നടത്തിയ പിടിവാശിയിൽ 20ശതമാനം വരെ നഷ്ടം
നെല്ല് നിറയ്ക്കാനുള്ള ചാക്കും കർഷകർ കൊടുക്കണം. ഇതിനായി ഇരുപതിനായിരത്തോളം രൂപ ചെലവായി
പാടത്ത് നിന്ന് കരയിലും സമീപത്തെ വീടുകളിലും മറ്റും എത്തിച്ച് നെല്ല് നനയാതെ സംരക്ഷിക്കാൻ കർഷകർ അനുഭവിച്ച പെടാപ്പാട് വേറെയും
10ലോഡ് നെല്ലു മില്ലുകാർ കൊണ്ടു പോയതിൽ 2ലോഡ് പൂർണമായും കിഴിവാണ്
- ഹരിദാസ് കിം കോട്ടേജ്, പാടശേഖര സമിതി പ്രസിഡന്റ്