ambala

അമ്പലപ്പുഴ : പുറക്കാട് ഗ്രാമപഞ്ചായത്തിലെ മലയിൽ തോട്, പുത്തൻകരി പാടശേഖര ബണ്ടിലെ വീടുകൾ വെള്ളത്തിലായതോടെ നൂറോളം കുടുംബങ്ങൾ ദുരിതത്തിലായി. 12,13 വാർഡുകൾ ഉൾപ്പെട്ടുകിടക്കുന്ന 320ഏക്കർ മലയിൽത്തോട് തെക്ക് പാടശേഖരത്തിൽ വെള്ളം നിറച്ചിരിക്കുന്നതും, പുത്തൻകരിയിൽ മോട്ടോർ പ്രവർത്തിപ്പിക്കാത്തതുമാണ് സമീപപ്രദേശത്ത് താമസിക്കുന്ന വീടുകളിൽ വെള്ളംകയറുന്നതിനു കാരണം.

രണ്ടാംകൃഷിക്ക് വേണ്ടി മേയ് പകുതിക്ക് പമ്പിംഗ് ആരംഭിക്കുന്നതാണ് കാലങ്ങളായുള്ള രീതി. ജൂൺ ആദ്യവാരം വിത്തു വിതയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തവണ മോട്ടോർ പ്രവർത്തിപ്പിക്കാൻ വൈകി. പാടശേഖരത്തിന് അകത്തുള്ള വരമ്പുകളുടെ ഉയരത്തിന് അനുസൃതമായി മാത്രമേ വെള്ളം നിറയ്ക്കാവൂ എന്ന് പഞ്ചായത്തിൽ ധാരണ ഉണ്ടായിട്ടും അതിനും വിപരീതമായിട്ടാണ് പാടശേഖരസമിതി പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.

ഉദ്ഘാടനം നടക്കാത്തതിനാൽ

മോട്ടോർ ഓണാക്കുന്നില്ല

ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു അനുവദിച്ച പതിമൂന്ന് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് പുത്തൻകരിയിൽ മോട്ടോർ തറ നിർമ്മിച്ചത്. നിർമ്മാണം പൂർത്തീകരിച്ചെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടനം നടത്താൻ കഴിഞ്ഞിട്ടില്ല. ഉദ്ഘാടനം നടത്താൻ വേണ്ടിയാണ് , ജനങ്ങൾ ദുരിതത്തിലും വെള്ളക്കെട്ടിലുമായിട്ടും മോട്ടോർ പ്രവർത്തിപ്പിക്കാൻ പാടശേഖരസമിതിയും കൃഷിഭവനും തയ്യാറാകാത്തതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

മോട്ടോർ തറയുടെ ഉദ്ഘാടനം നടത്താൻ വേണ്ടിയാണ് പാടശേഖരസമിതിയും കൃഷിഭവനും പമ്പിംഗ് വൈകിപ്പിക്കുന്നത്

- നാട്ടുകാർ