ചാരുംമൂട് : പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ച സമയ പരിധി ഇന്നലെ അവസാനിച്ചിട്ടും താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവ് സ്കൂൾ ജംഗ്ഷൻ - പണയിൽ മർത്തോമ്മപ്പള്ളി റോഡ് നിർമ്മാണം എങ്ങുമെത്തിയില്ല. നാലുകിലോമീറ്ററിലധികം വരുന്ന റോഡിന് പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 2,69,62,912 രൂപയാണ് അടങ്കൽ തുക.
കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രമഫലമായി അനുവദിച്ച റോഡിന്റെ നിർമ്മാണം കഴിഞ്ഞ ഡിസംബർ 31നുള്ളിൽ പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. കലുങ്കുകൾ പണിതശേഷം റോഡിൽ മെറ്റൽ നിരത്തി ഗ്രാവലിട്ട് ഉറപ്പിക്കുന്ന ജോലി വരെയാണ് നടന്നിട്ടുള്ളത്. റോഡ് നിർമ്മാണം മുടങ്ങിയതിൽ പ്രതിഷേധിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യവുമായി ഗ്രാമപഞ്ചായത്ത് രണ്ട് മാസം മുമ്പ് കോടതിയെ സമീപിച്ചതോടെയാണ് മേയ് 31 ന് മുമ്പായി നിർമ്മാണം പൂർത്തിയാക്കണമെന്ന് കരാറുകാരനായ റെജു കെ.പോളിനും നടത്തിപ്പിന്റെ ചുമതലയുള്ള കേരള സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസി ഉദ്യോഗസ്ഥർക്കും ഹൈക്കോടതി നിർദ്ദേശം നൽകിയത്.
അടങ്കൽ തുക : 2.69കോടി
മെറ്റൽ ഇളകി, യാത്ര ദുഷ്കരം
നിർമ്മാണത്തിലെ അപാകതയും യഥാസമയം ടാറിംഗ് നടക്കാത്തത് മൂലവും മെറ്റൽ മുഴുവൻ ഇളകിമാറിയ നിലയിലാണ്
മെറ്റൽ ഇളകി റോഡിൽ കുഴികൾ രൂപപ്പെട്ടതോടെ കാൽനടയാത്ര പോലും ബുദ്ധിമുട്ടായ സ്ഥിതിയാണ്
ചത്തിയറ പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ താമരക്കുളത്തു നിന്നും വള്ളികുന്നം, ചൂനാട്,ഓച്ചിറ,പാവുമ്പ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്നതാണ് ഈ റോഡിനെയാണ്
രണ്ടു വർഷത്തോളമായുള ജനങ്ങളുടെ ദുരിതയാത്രയ്ക്ക് ഇനിയെങ്കിലും പരിഹാരം കാണണം
- നാട്ടുകാർ