ആലപ്പുഴ: സ്കൂൾ ബസ് യാത്ര നിരീക്ഷിക്കാനുള്ള സർക്കാരിന്റെ വിദ്യാവാഹൻ ആപ്പ് ഇത്തവണയും എല്ലാ വിദ്യാലയങ്ങളിലും എത്തില്ലെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞ അദ്ധ്യയന വർഷം ജില്ലയിൽ 30 ശതമാനം വിദ്യാലയങ്ങളിൽ ആപ്പ് ഉപയോഗിച്ച് തുടങ്ങിയെങ്കിലും

ഇത്തവണ 50 ശതമാനം കടക്കാൻ സാദ്ധ്യതയില്ല. 2022ൽ പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും

സാങ്കേതിക തടസങ്ങൾ കാരണം പ്രാവർത്തികമാകാൻ ഇനിയും സമയമെടുക്കുമെന്നാണ്

മോട്ടോർ വാഹനവകുപ്പും വിദ്യാലയങ്ങളും പറയുന്നത്. വിദ്യാവാഹൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയതിനാൽ സ്കൂൾ തുറന്ന് ആദ്യ മാസങ്ങളിൽ ശേഷിക്കുന്ന വിദ്യാലയങ്ങളും ആപ്പ് ഉപയോഗിച്ച് തുടങ്ങുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

പ്രാഥമിക നടപടികൾ പൂർത്തിയാക്കേണ്ടത് വിദ്യാലയങ്ങൾ

1.വിദ്യാവാഹൻ ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് കുട്ടികളുടെ പൂർണമായ ലിസ്റ്റ് ആപ്പിൽ രജിസ്റ്റർ ചെയ്യുന്നത് പ്രായോഗികമല്ലെന്നാണ് സ്‌കൂൾ മാനേജ്മെന്റുകളുടെ നിലപാട്

2. ബസ് ഡ്രൈവറുടെയും ക്ലീനറുടെയും മൊബൈൽ നമ്പരുകൾ, വിലാസം, ലൈസൻസ്, വാഹനത്തിന്റെ റൂട്ട്, സർട്ടിഫിക്കറ്റുകൾ,​ രക്ഷിതാക്കളുടെ ഫോൺ നമ്പരും വിലാസവും എന്നിവ സഹിതമാണ് വിദ്യാവാഹനിൽ രജിസ്റ്റർ ചെയ്യേണ്ടത്

3.പുതിയ വർഷത്തിലേക്കുള്ള കുട്ടികളുടെ അഡ്മിഷൻ തുടരുന്നതിനാൽ റൂട്ടുകളിൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കാണിച്ചാണ് സ്കൂളുകൾ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക നടപടികളെല്ലാം വിദ്യാലയങ്ങൾ പൂർത്തിയാക്കി ജി.പി.എസ് വഴി ബന്ധിപ്പിക്കുന്ന ഘട്ടത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഇടപെടുന്നത്

വിദ്യാവാഹൻ

#സ്‌കൂൾ വാഹന യാത്ര നിരീക്ഷിക്കാം

#യാത്രയുടെ തത്സമയ വിവരങ്ങൾ ലഭിക്കും

# ഡ്രൈവറുമായും സഹായിയുമായും ബന്ധപ്പെടാം

#അമിത വേഗതയെങ്കിൽ രക്ഷിതാവിന് മുന്നറിയിപ്പ് ലഭിക്കും

# ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യം

# രക്ഷിതാവിന്റെ മൊബൈൽ നമ്പരിൽ രജിസ്റ്റർ ചെയ്യാം

#ഓരോ സ്‌കൂൾ വാഹനത്തിനും പ്രത്യേക യൂസർ നെയിമും ലോഗിനും

ആപ്പിന്റെ പ്രാഥമിക നടപടികൾ വിദ്യാലയങ്ങളാണ് പൂർത്തിയാക്കേണ്ടത്. വാഹന റൂട്ട് അടക്കം തീരുമാനിക്കപ്പെടേണ്ടതുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. അധികം വൈകാതെ പദ്ധതി പൂർണമായി നടപ്പിലാക്കും

- എ.കെ.ദിലു, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, ആലപ്പുഴ