ആലപ്പുഴ : തുടർച്ചയായി നാലാംദിവസവും കുടിവെള്ളം മുടങ്ങിയതോടെ ആര്യാട് പഞ്ചായത്തിൽ ജനങ്ങളുടെ പ്രതിഷേധം കനക്കുന്നു. നാടാകെ മഴപെയ്യുമ്പോഴും കുടിക്കാൻ ഒരു തുള്ളിക്ക് വേണ്ടി പരക്കം പായേണ്ട ഗതികേടിയാണിവർ. ആലപ്പുഴ കുടിവെള്ള പദ്ധതി വഴിയാണ് പഞ്ചായത്തിലെ കുടിവെള്ള വിതരണം.
പ്രദേശത്തെ കുഴൽക്കിണറുകൾ പ്രവർത്തനക്ഷമാണെങ്കിലും നിറവ്യത്യാസവും, രൂക്ഷഗന്ധവുമുള്ള ജലമാണ് ലഭിക്കുന്നത്. ഇത് അടുക്കള ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല. പഞ്ചായത്തിലെ 18 വാർഡുകളിലും കുടിവെള്ള പ്രശ്നം നേരിടുന്നുണ്ട്. ദുരിതം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടെന്ന് ജനപ്രതിനിധികൾ പറയുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിരവധി തവണ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ നേരിൽക്കാണുകയും പ്രശ്‌നം ബോദ്ധ്യപ്പെടുത്തുകയും ചെയ്തതാണ്. പലതവണ സമരമാർഗങ്ങളിലേക്ക് കടന്നിട്ട് പോലും പ്രശ്‌നപരിഹാരമുണ്ടായില്ല.
വില്ലൻ പവർ കട്ട്?
1.തുടർച്ചയായി വൈദ്യുതി വിതരണത്തിൽ തടസം നേരിടുന്നതാണ് പമ്പിംഗ് മുടങ്ങാൻ കാരണമെന്ന് ജല അതോറിട്ടി
2.ഒരു മണിക്കൂർ വൈദ്യുതി തടസ്സപ്പെട്ടാൽ സാങ്കേതിക പ്രവൃത്തികൾ പൂർത്തീകരിച്ച് പമ്പിങ്ങ് പുനഃസ്ഥാപിക്കുന്നതിൽ മൂന്ന് മണിക്കൂറോളം നഷ്ടമാകും
3. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രദേശത്ത് വൈദ്യുതി മുടക്കം പതിവായതുമൂലമുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് വില്ലനെന്നും അതോറിട്ടി
നാല് ദിവസം തുടർച്ചയായി ജലവിതരണം മുടങ്ങിയതോടെ ജനങ്ങൾ രോഷാകുലരാണ്. വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങും
-എം.അനിൽകുമാർ, പഞ്ചായത്തംഗം, ആര്യാട് ഗ്രാമ പഞ്ചായത്ത്