തുറവൂർ : തുറവൂർ - കുമ്പളങ്ങി റോഡിൽ നാലുകുളങ്ങര ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നിലം പൊത്താറായ നിലയിലായതോടെ യാത്രക്കാർ ദുരിതത്തിൽ. മേൽക്കൂരയാകെ തകർന്ന നിലയിലാണ്. തിരക്കേറിയ ജംഗ്ഷനിൽ നിരവധി യാത്രക്കാർക്ക് പ്രയോജനകരമായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് അധികൃതരുടെ അവഗണന മൂലം നശിക്കുന്നത്. വെയിലും മഴയുമേൽക്കാതെയിരിക്കാൻ ബസ് കാത്തുനിൽക്കാൻ യാത്രക്കാർ സമീപത്തെ കടത്തിണ്ണയേയും മറ്റുമാണ് ഇപ്പോൾ ആശ്രയിക്കുന്നത് . കുത്തിയതോട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിൽക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ദുരവസ്ഥ കണ്ട് മാസങ്ങൾക്ക് മുമ്പ് നാലുകുളങ്ങരയിലെ സന്നദ്ധ സംഘടനാ പ്രവർത്തകർ ഇത് പുതുക്കിപ്പണിയാൻ മുന്നോട്ട് വന്നെങ്കിലും പഞ്ചായത്ത് അധികൃതർ അനുമതി നൽകിയില്ലെന്ന് ആക്ഷേപമുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പുനർനിർമ്മാണ നടപടികൾ വൈകുന്നത്. പഞ്ചായത്ത് ഓൺ ഫണ്ടിലുൾപ്പെടുത്തി ഇത് പുനർനിർമ്മിക്കും. എം.എൽ എ ഫണ്ട് ലഭ്യമാക്കാനും ശ്രമം നടത്തുന്നുണ്ട്
- സിന്ധു ബിജു, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ