ഹരിപ്പാട് : ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരദേശ പഞ്ചായത്തുകളിൽ ശക്തമായ കാറ്റിൽപ്പെട്ട് തകർന്ന 7 മത്സ്യബന്ധന വള്ളങ്ങൾക്കുള്ള നഷ്ടപരിഹാര തുക അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല എം.എം.എൽ മന്ത്രി സജി ചെറിയാന് കത്ത് നൽകി. വലയും എൻജിനും അടക്കം എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. നിരവധി മത്സ്യത്തൊഴിലാളികളും, അവരുടെ കുടുംബങ്ങളുമാണ് ഈ വള്ളങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നത്. സർക്കാരിൽ നിന്ന് അടിയന്തര നഷ്ടപരിഹാരം ലഭിച്ചെങ്കിൽ മാത്രമേ ഈ വള്ളങ്ങൾ പൂർവ്വസ്ഥിതിയിലാക്കി മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനമാർഗം പുനരാരംഭിക്കാൻ കഴിയുകയുള്ളൂ. മത്സ്യബന്ധന വള്ളങ്ങളുടെ ഉടമസ്ഥർക്കുണ്ടായ യഥാർത്ഥ നാശനഷ്ടം എത്രയെന്ന് അടിയന്തരമായി വിലയിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.