ആലപ്പുഴ: സംസ്ഥാനത്തെ റേഷൻ കടകളിൽ ധനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധന പ്രതിഷേധാർഹമാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇ - പോസ് സംവിധാനം വന്നത് മുതൽ റേഷൻ വിതരണം സുതാര്യമായാണ് നടക്കുന്നത്. നിലവിൽ യഥാസമയം വ്യാപാരികൾക്ക് വേതനം പോലും നൽകാതെയുള്ള ധനവകുപ്പിന്റെ ഇത്തരം പരിശോധനകൾ എന്താടിസ്ഥാനത്തിലാണെന്നും, സിവിൽ സപ്ലെസ് വകുപ്പിനെ നോക്കുകുത്തിയാക്കാനുള്ള ഗൂഡ ലക്ഷ്യം അംഗീകരിക്കില്ലെന്നും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.കൃഷ്ണപ്രസാദും ജനറൽ സെക്രട്ടറി സുരേഷ് കാരേറ്റും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഇന്നലെയാണ് ജില്ലയിലെ വിവിധ താലൂക്കുകളിലെ റേഷൻ കടകളിൽ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്.