vhj

ഹരിപ്പാട് : കടലാക്രമണ പ്രതിരോധത്തിനുള്ള നടപടികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നതോടെ ഉറക്കം നഷ്ടപ്പെട്ട് തീരദേശവാസികൾ. മഴ ഉറച്ചു പെയ്യുമ്പോഴും കടൽ പ്രക്ഷുബ്ധമാകുമ്പോഴും ആശങ്കയോടെ കഴിയുകയാണിവർ.

ഏത് നിമിഷവും കടൽ കരയിലേക്ക് അടിച്ച് കയറാം. ആറാട്ടുപുഴ,തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ കടലാക്രമണ ഭീഷണി ഏറെയുള്ള പ്രദേശങ്ങളിൽ ജിയോ ബാഗിൽ മണൽ നിറച്ച് താൽക്കാലിക പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ 1.26 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നടപടികൾ വൈകുന്നു. നിരവധി പ്രതിഷേധങ്ങളുടെ ഭാഗമായാണ് തുക അനുവദിച്ചത്. മൂന്ന് നൂറ്റാണ്ടോളം പഴക്കമുള്ള ജുമാമസ്ജിജിദും അതിനോട് ചേർന്നുള്ള കബർ സ്ഥാനും കടലാക്രമണ ഭീഷണി നേരിടുന്നു. യൂണിയൻ ബാങ്കും കെ.എസ്.ഇ.ബി. ആറാട്ടുപുഴ സെക്ഷൻ ഓഫീസും കടലിനടുത്താണ് സ്ഥിതി ചെയ്യുന്നത്. സമാന അവസ്ഥയാണ് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഭാഗത്തുമുള്ളത്. ആറാട്ടുപുഴ വലിയഴീക്കൽ അഴീക്കോടൻ നഗർ, പെരുമ്പള്ളി, കള്ളിക്കാട്, എ.സി പള്ളി മുതൽ വടക്കോട്ട് പത്തിശേരിൽ ജംഗ്ഷൻ വരെയുള്ള ഭാഗം, തൃക്കുന്നപ്പുഴ മൂത്തേരിൽ ജംഗ്ഷൻ മുതൽ വടക്കോട്ട് മതുക്കൽ വരെ എന്നീ ഭാഗങ്ങളും കടലാക്രമണ ഭീഷണി നേരിടുന്നു.

കടലും റോഡും തമ്മിൽ

അകലം ചുവടുകൾ മാത്രം

1.ആറാട്ടുപുഴ എം.ഇ.എസ് ജംഗ്ഷൻ, തൃക്കുന്നപ്പുഴ മൂത്തേരിൽ ഗസ്റ്റ് ജംഗ്ഷൻ ഭാഗങ്ങളിൽ തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡ് ഏത് നിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണ്

2.ഈ ഭാഗങ്ങളിൽ കടൽഭിത്തി ദുർബലമാണ്. കടലും റോഡും തമ്മിൽ ചുവടുകളുടെ അകലം മാത്രമായി ചുരുങ്ങി

3.ഓരോ കടലേറ്റത്തിലും മണ്ണെടുത്ത് പോകുന്നതാണ് കടലും റോറഡും തമ്മിലുള്ള അകലം കുറയുന്നതിന് പിന്നിൽ

4.ഇവിടങ്ങളിൽ റോഡ് മുറിഞ്ഞാൽ തീരദേശവാസികളുടെ ഗതാഗതസംവിധാനം ആകെ താറുമാറാകും

മണൽ നിറച്ച ജിയോ ബാഗുകൾ സ്ഥാപിക്കുന്നതിന് അനുവദിച്ചത് : 1.26 കോടി

പ്രതിഷേധങ്ങളും പ്രഖ്യാപനങ്ങളും നിരവധി ഉണ്ടായെങ്കിലും തീരദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടി ഉണ്ടായിട്ടില്ല

- അജിത്ത് കുമാർ (തീരദേശവാസി)

തുടർച്ചയായി ഉണ്ടാകുന്ന മുന്നറിയിപ്പുകൾ കാരണം കടലിൽ പോയി മത്സ്യബന്ധനം നടത്താൻ കഴിയുന്നില്ല. വീടുകളും ഇപ്പോൾ കടലാക്രമണ ഭീഷണിയിലാണ്

- ഹരിദാസൻ (മത്സ്യത്തൊഴിലാളി)