അമ്പലപ്പുഴ: പൊന്തുവള്ളങ്ങൾ ഒഴുക്കിൽപെട്ടത് തീരത്ത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ പുന്നപ്ര ചള്ളി തീരത്തിന് പടിഞ്ഞാറാണ് മത്സ്യബന്ധത്തിനിടയിൽ ശക്തമായ തിരയിൽ പൊന്തുകൾ അപകടത്തിൽപ്പെട്ടത്. പൊന്തിൽ നിന്ന് തെറിച്ചു പോയവരെ കാണാതെ പൊന്തു ഒഴുകി നടന്നതാണ് കരയിൽ നിന്നവരെ ഭീതിയിലാക്കിയത്. രാവിലെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. മത്സ്യബന്ധനത്തിന് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ നിരോധന മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഒരു മാസമായുള്ള കടുത്ത വറുതി മൂലമാണ് ഒരാൾ പണിയെടുക്കുന്ന പൊന്തുകൾ കടലിൽ ഇറക്കിയത്. എന്നാൽ കടലിൽ വീണ മത്സ്യത്തൊഴിലാളികൾ ചള്ളി തീരത്തിന് തെക്ക് ഭാഗത്തേക്ക് നീന്തുന്നതിനിടയിൽ, മറ്റു പൊന്തുകാർ എത്തി കരക്കെത്തിച്ചതിനാൽ ദുരന്തം ഒഴിവായി. സംഭവം അറിഞ്ഞ് പുന്നപ്ര പൊലിസും സ്ഥലത്തെത്തിയിരുന്നു. പുന്നപ്ര മുതൽ വാടക്കൽ വരെ കടൽശക്തമായി തുടരുകയാണ്.