ആലപ്പുഴ : പതിനാലുകാരനെ മർദ്ദിച്ചെന്നാരോപിച്ച് റിമാൻഡിലായി ജാമ്യം ലഭിച്ചതിന് പിന്നാലെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച ബി.ജെ.പി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനോജിന്റെ സംസ്കാരം ഇന്ന് രാവിലെ 11ന് കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ വീട്ടുവളപ്പിൽ നടക്കും. ആലപ്പുഴ മെ‌ഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം കായംകുളത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ബി.ജെ.പി കായംകുളം മണ്ഡലം കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കും.

ഇവിടെ നിന്ന് വിലാപയാത്രയായാണ് വീട്ടിലെത്തിക്കുക. മനോജിന്റെ അയൽവാസികളായ തമിഴ്നാട് സ്വദേശികളുടെ പതിനാലുകാരനായ മകനെ മർദ്ദിച്ചെന്നാരോപിച്ചാണ് മനോജിനെതിരെ പൊലീസ് കേസെടുത്തത്. ഈമാസം 22ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച മനോജിനെ അടുത്ത ദിവസം വീണ്ടും വിളിച്ചുവരുത്തി ഐ.പി.സി 308 വകുപ്പ് പ്രകാരം വീണ്ടും അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തെങ്കിലും അടുത്ത ദിവസം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ആക്രിപെറുക്കാനെത്തിയ പതിനാലുകാരനുമായുണ്ടായ വാക്കുതർക്കമാണ് കേസിനും അറസ്റ്രിനും കാരണമായത്. വാക്കുതർക്കത്തിനിടെ നിരവധി കേസുകളിൽ പ്രതിയായ പതിനാലുകാരൻ മനോജിനെ ഇഷ്ടികയെറിഞ്ഞ് പരിക്കേൽപ്പിച്ചതായി പറയപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മനോജ് നൽകിയ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. മർദ്ദനവും കള്ളക്കേസുമാണ് മരണകാരണമെന്ന് ബന്ധുക്കളും പാർട്ടിപ്രവർത്തകരും ആരോപിച്ചതിനെ തുടർന്നാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

ചികിത്സ നിഷേധിച്ചവർക്കെതിരെ

നടപടി വേണം : ബി.ജെ.പി

പതിനാലുകാരന്റെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ മനോജിന് ചികിത്സ നിഷേധിച്ച പൊലീസിനും സി.പി.എം - എസ്.ഡി.പി.ഐ നേതാക്കൾക്കുമെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മോഷണം പതിവായ പ്രദേശത്ത് നിരവധി കേസുകളിൽ പ്രതിയായ പതിനാലുകാരന്റെ സാന്നിദ്ധ്യം ചെയ്തതാണ് മനോജിന് നേരെ ഇഷ്ടികകൊണ്ടുള്ള ആക്രമണത്തിന് കാരണമായത്. പരിക്കേറ്റ മനോജ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും സ്കാനിംഗ് ഉൾപ്പെടെ വിദഗ്ദ ചികിത്സയ്ക്കുള്ള അവസരം നിഷേധിച്ച് സി.പി.എം സമ്മർദ്ദത്തിൽ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത പൊലീസുകാരാണ് മനോജിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ഗോപകുമാർ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി ശക്തമായ പ്രക്ഷോഭം നടത്തും. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, സംസ്ഥാന കൗൺസിൽ അംഗംവി.ശ്രീജിത്ത്, കായംകുളം മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ, ചെട്ടികുളങ്ങര മണ്ഡലം പ്രസിഡന്റ് മോനിഷ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.