parumala-ashupathri

മാന്നാർ: പരുമല ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിന് ഡി.എൻ.ബി കോഴ്‌സിനുള്ള അംഗീകാരം ഡൽഹി നാഷണൽ ബോർഡിൽ നിന്ന് ലഭിച്ചു. ഈ നേട്ടം കൈവരിക്കുന്ന മദ്ദ്യതിരുവിതാംകൂറിലെ ആദ്യത്തെ പ്രൈവറ്റ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ് സെന്റ് ഗ്രിഗോറിയോസ്‌ ആശുപത്രി. മെഡിക്കൽ കോളേജുകളിലെ എം.ഡി എമർജൻസി മെഡിസിന് തത്തുല്യമായ പി.ജി കോഴ്സാണ് ഡി.എൻ.ബി എമർജൻസി മെഡിസിൻ. 3 വർഷം ദൈർഘ്യമുള്ള ഈ കോഴ്സിലേക്ക് എം.ബി.ബി.എസ് കഴിഞ്ഞവർക്കാണ് പ്രവേശനം ലഭിക്കുക. ലോക എമർജൻസി ദിനമായ ഇന്നലെ വൈകിട്ട് 3ന് പരുമല ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡി.എൻ.ബി അംഗീകാരത്തിന്റെ പകർപ്പ് നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി, പരുമല എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ.ലിനു അബ്ദുൾ ലത്തീഫിന് കൈമാറി. ആശുപത്രി സി.ഇ.ഒ ഫാ.എം.സി പൗലോസ് സ്വാഗതം പറഞ്ഞു. മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ മുഖ്യാതിഥിയായി. ആശുപത്രി ഫിനാൻസ് കോ-ഓർഡിനേറ്റർ ഫാ.തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ, ചാപ്ലിൻ ഫാ.ജിജു വർഗീസ്, മെഡിക്കൽ സൂപ്രണ്ട് ഡോ.ഷെറിൻ ജോസഫ്, എമർജൻസി മെഡിസിൻ കൺസൾട്ടന്റ് ഡോ.ബാലു പി.ആർ.എസ് എന്നിവർ പങ്കെടുത്തു. തുടർന്ന് പൊതുജനങ്ങൾക്കായി സൗജന്യ സി.പി.ആർ ട്രെയിനിെഗ് നൽകി.