നാടൻ നീർപക്ഷികൾ സംശയനിഴലിൽ

ആലപ്പുഴ:പക്ഷിപ്പനി നാടാകെ വ്യാപിച്ചിട്ടും ഉറവിടം കണ്ടെത്താനാകാതെ മൃഗസംരക്ഷണ വകുപ്പ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പക്ഷിപ്പനി മേഖലകളിൽ നിന്ന് വനം വകുപ്പ് ശേഖരിച്ച 26 സാമ്പിളുകളുടെയും ഫലം നെഗറ്റീവായി. ഇതോടെ, ഉടവിടം കണ്ടെത്താൻ കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശത്ത് ചത്ത നീർ‌പക്ഷികളിലേക്ക് തിരിഞ്ഞിരിക്കുകയാണ് അധികൃതർ. അവലോകനത്തിനെത്തിയ കേന്ദ്രസംഘം മടങ്ങിയതോടെ താറാവ് കർഷകരും ആശങ്കയിലായി.

ഏപ്രിൽ മദ്ധ്യത്തോടെ എടത്വയിലാണ് പക്ഷിപ്പനിയുടെ തുടക്കം. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും, കുട്ടനാട്ടിലും മാവേലിക്കരയിലെ തഴക്കര, കോട്ടയം മണർകാട് എന്നിവിടങ്ങളിലും രോഗ വ്യാപനമുണ്ടായി. ഇവിടങ്ങളിൽ നിന്ന് ശേഖരിച്ച മുഴുവൻ സാമ്പിളിലും പക്ഷിപ്പനിക്ക് കാരണമായ എച്ച് ഫൈവ് എൻ വൺ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഉടവിടം കണ്ടെത്താൻ ദേശാടനപ്പക്ഷിത്താവളങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാവട്ടെ രോഗ സാന്നിദ്ധ്യം ഇല്ല.

പാടശേഖരങ്ങളിൽ താവളമടിക്കുന്ന നീർപക്ഷികൾ ജനവാസ മേഖലകളിൽ കാഷ്ഠമിടുന്നതും,​ ഈ പാടങ്ങളിൽ താറാവുകളെ തീറ്റയ്ക്കായി വിടുന്നതും രോഗവ്യാപനത്തിനിടയാക്കും. പക്ഷികളുടെ ജഡം 24 മണിക്കൂറിനകം ഭോപ്പാലിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചാലേ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിക്കാനാകൂ. ഇതിനായി നാട്ടുകാരുടെയും പക്ഷിപ്രേമികളുടെയും ബേർഡ്സ് ക്ളബ്ബുകളുടെയും സഹായം തേടിയിരിക്കയാണ് മൃഗസംരക്ഷണവകുപ്പ്.

നഷ്ടപരിഹാരം പരിമിതം

താറാവും കോഴിയും കൂട്ടത്തോടെ ചാകുന്നത് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കും. പക്ഷേ 2014ൽ ആദ്യ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തപ്പോൾ പ്രഖ്യാപിച്ച നഷ്ടപരിഹാരമാണ് ഇപ്പോഴും നൽകുന്നത്. രണ്ടു മാസത്തിനു മേൽ വളർച്ചയെത്തിയ കോഴിക്കും താറാവിനും 200 രൂപയും താഴെയുള്ളതിന് 100 രൂപയുമാണ് സർക്കാർ നിരക്ക്. ഒരു താറാവിനും മുട്ടക്കോഴിക്കും 400 -500 രൂപ വരെ ലഭിക്കുമ്പോഴാണിത്.

ദേശാടനപ്പക്ഷിത്താവളങ്ങളിലെ സാമ്പിളുകളിൽ രോഗബാധ കണ്ടെത്തിയില്ല. നാടൻ പക്ഷികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. രോഗം നിയന്ത്രണ വിധേയമാണ്

-ഡോ.പ്രവീൺ, പക്ഷിപ്പനി പ്രതിരോധവിഭാഗം

എല്ലാവർഷവും കുട്ടനാട്ട് പക്ഷിപ്പനി ആവർത്തിക്കുന്നതിന്റെ കാരണം അജ്ഞാതമാണ്. താറാവ് കർഷകർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം

- തോമസ്, താറാവ് കർഷകൻ

പക്ഷിപ്പനി ബാധിത

പ്രദേശങ്ങൾ

എടത്വ വിളക്കുമരം പാടശേഖരം, ചമ്പക്കുളം, അമ്പലപ്പുഴ വടക്ക്, വാഴപ്പള്ളി(കോട്ടയം), തഴക്കര, നിരണം, മണർ‌കാട്(കോട്ടയം)

കുട്ടനാട്ടിൽ

താറാവുകൾ: 18-20 ലക്ഷം

കർഷകർ:136

കള്ളിംഗ്

ആകെ: 70,541

താറാവ്: 59927

കോഴി:9359

കാട:982

ടർക്കി:8

ഗിനി:5

പാത്ത:44

പ്രാവ്:17

മറ്റ് പക്ഷികൾ:199