hsj

ഹരിപ്പാട് : കറവപ്പശു കുഴഞ്ഞു വീണത് പേവിഷബാധയെത്തുടർന്നെന്ന് നിഗമനം. പള്ളിപ്പാട് കോട്ടയ്ക്കകം മങ്ങാട്ട് പുത്തൻവീട്ടിൽ ശാന്തമ്മയുടെ മൂന്ന് പശുക്കളിൽ ഒന്നാണ് ഇന്നലെ രാവിലെ കുഴഞ്ഞ് വീണത്. ശനിയാഴ്ച രാവിലെ മുതൽ പശു തീറ്റ എടുക്കാതെ വന്നതിനെ തുടർന്ന് പനിയാണന്ന് കരുതി വീട്ടുകാർ പള്ളിപ്പാട് മൃഗാശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർ അവധിയിലായിരുന്നു. തുടർന്ന് ഡോക്ടറുമായി ഫോണിൽ സംസാരിച്ച് മരുന്ന് വാങ്ങി നൽകി. ഞായറാഴ്ച പശുവിന്റെ വായിൽ നിന്നും നുരയും പതയും വരുകയും കൈകാലുകൾ കുടയാനും തുടങ്ങിയതോടെ മുതുകുളത്ത് നിന്നും മറ്റൊരു ഡോക്ടർ എത്തി നടത്തിയ പരിശോധനയിലാണ് പശുവിന് പേവിഷബാധയാണെന്ന് അറിഞ്ഞത്. ഇതേ തുടർന്ന് പശുവിനെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് മാറ്റി കെട്ടി. ഇന്നലെ രാവിലെ പശു കുഴഞ്ഞു വീഴുകയായിരുന്നു.