മാന്നാർ : മാന്നാർ ടൗണിലേക്ക് എത്തിപ്പെടാൻ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പാവുക്കര കടപ്രമഠം-പരുമലക്കടവ് റോഡ് തകർന്നു. മാന്നാർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന 3,5 വാർഡുകളിലൂടെ കടന്നു പോകുന്ന ഈ റോഡിന്റെ ഒരു ഭാഗം ജില്ലാ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു വർഷം മുമ്പാണ് പുനർനിർമ്മിച്ചത്.
7.90 ലക്ഷം രൂപ മുടക്കി പുനർനിർമ്മിച്ച റോഡിന്റെ, മൂന്നാം വാർഡിൽപ്പെട്ട കടപ്രമഠം ജംഗ്ഷനിലെ ഭാഗം മാസങ്ങളായി തകർന്നു കിടക്കുകയായിരുന്നു. കനത്ത മഴയിൽ ആ ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടതോടെ നാട്ടുകാർ കല്ലുകൾ നിരത്തിയും വാഴ നട്ടും സുരക്ഷ ഒരുക്കിയിരിക്കുകയാണ് ഇപ്പോൾ.
പരുമലക്കടവിന് പടിഞ്ഞാറു മാറിയുള്ള ഓടാട്ട് ക്ഷേത്ര ജംഗ്ഷൻ ഭാഗത്തും റോഡ് തകർന്നു. അഞ്ചാം വാർഡിൽപ്പെട്ട ഈ ഭാഗം 2021 ഡിസംബറിൽ പ്രളയ ഫണ്ട് ഉപയോഗിച്ചാണ് പുനർ നിർമ്മിച്ചത്. പരുമലക്കടവ്-കടപ്രമഠം റോഡിൽ അഞ്ചാം വാർഡിൽപ്പെട്ട കോളച്ചാൽ കലുങ്ക് വരെയുള്ള ഭാഗം കോൺക്രീറ്റ് ചെയ്ത് പുനർ നിർമ്മിക്കാൻ പഞ്ചായത്ത് ഫണ്ടിൽ 7.5 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനെത്തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നില്ല.
വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല
1.തട്ടാരമ്പലം ഭാഗത്തു നിന്നും വീയപുരം ഭാഗത്തു നിന്ന് വരുന്നവർക്ക് ടൗണിലെ തിരക്കിൽപ്പെടാതെ കടപ്രമഠം-പരുമലക്കടവ് റോഡിലൂടെ പരുമക്കടവിനു വടക്കുവശത്ത് എത്തിച്ചേരാൻ കഴിയും
2.ടിപ്പർ ഉൾപ്പെടെയുള്ള വലിയ ചരക്ക് വാഹനങ്ങൾ കടന്നു പോകുന്നതും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഇല്ലാത്തതുമാണ് റോഡിന്റെ തകർച്ചക്ക് പ്രധാന കാരണം
ഏറെ തിരക്കുള്ള റോഡിന്റെ ദുരവസ്ഥക്ക് എത്രയും വേഗം പരിഹാരം ഉണ്ടാവണം
- നാട്ടുകാർ