ഹരിപ്പാട്: ഓട്ടോമറിഞ്ഞ് പഞ്ചായത്ത് അംഗത്തിന് പരിക്കേറ്റു. ഓട്ടോഡ്രൈവർ കൂടിയായ വീയപുരം ഗ്രാമപഞ്ചായത്ത് 13ാം വാർഡ് അംഗം ജഗേഷിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9 മണിയോടെ നിരണത്തേക്ക് ഓട്ടംപോയി തിരികെ വരുമ്പോഴായിരുന്നു അപകടം. റോഡിന് കുറുകെ പാമ്പ് ഇഴഞ്ഞ് വരുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം വിട്ട് ഓട്ടോ തലകീഴായി മറിയുകയായിരുന്നു. എതിരെവന്ന കാറിലുണ്ടായിരുന്നവർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസുരേന്ദ്രനെ വിവരം അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് ഏർപ്പാടാക്കി ജഗേഷിനെ ആശുപത്രിയിൽ എത്തിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .