ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപകനാശം. കായംകുളത്ത് തെങ്ങ് കടപുഴുകി വീണ് ബിടെക് ബിരുദധാരിയായ യുവാവ് മരിച്ചു. മരങ്ങളും മരക്കൊമ്പുകളും വീണ് പലസ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. വൈദ്യുതിവിതരണം തടസപ്പെട്ടു. ജില്ലയിൽ 2500ൽ അധികം വീടുകൾ വെള്ളത്തിലായി. 11വീടുകൾ ഭാഗികമായി തകർന്നു. മൂന്ന് ദുരിതാശ്വാസക്യാമ്പുകളിലായി 280 കുടുംബങ്ങളിലെ 800 പേരെ മാറ്റി പാർപ്പിച്ചു.

തിങ്കളാഴ്ച രാത്രി മുതൽ ജില്ലയിൽ ശക്തമായ അനുഭവപ്പെട്ട മഴയും കാറ്റുമാണ് വ്യാപകമായ നാശം വിതച്ചത്. ദേശീയപാത ചേർത്തലയിൽ മരവീണ് ഗതാഗത തടസപ്പെട്ടു. കെ.പി റോഡിൽ കറ്റാനത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളിലേയ്ക്ക് മരം വീണെങ്കിലും ആർക്കുംപരിക്കില്ല. പൂങ്കാവ് പള്ളിക്ക് സമീപം പാതിരപ്പള്ളി തയ്യിൽ വിനോദ് ജോസഫ് കടപ്പുറത്തിന്റെ വീടിന് മുകളിൽ മരം വീണു.

മരംവീണ് ട്രെയിൻ ഗതാഗതം നിർത്തിവച്ചു

1. കായംകളം റെയിൽവേ സ്റ്റേഷന് വടക്ക് ട്രാക്കിൽ മരം വീണ് അരമണിക്കൂർ ട്രെയിൻ സർവീസ് നിർത്തിവച്ചു. ആര്യാട് പഞ്ചായത്ത് മാമൂട് പടിഞ്ഞാറ്, തലവടി, ആലപ്പുഴ റയിൽവേ സ്റ്റേഷന്‍ വാർഡ് കുന്നുമ്പുറം കവുങ്ങ് എന്നിവടങ്ങളിലാണ് മരം വീണത്. ആലപ്പുഴ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിൽ അപകടകരമായി നിലയുറപ്പിച്ച മരം മുറിച്ചു നീക്കി

2. അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്തിലാണ് മൂന്നും ആലപ്പുഴ, ആര്യാട് എന്നിവടങ്ങളിൽ ഒന്ന് വീതവും ദുരിതാശ്വാസക്യാമ്പുകൾ ഇന്നലെ ആരംഭിച്ചു. തോട്ടപ്പള്ളി മാത്തേരി പെനയേൽ ചർച്ച്, പുറക്കാട് പഴയങ്ങാടി നെൽപുര, പുറക്കാട് കാരൂർ എന്നിവടങ്ങളിലാണ് ക്യാമ്പുകൾ സജ്ജമാക്കിയിട്ടുള്ളത്

3. തോട്ടപ്പള്ളി പൊഴിതുറന്നെങ്കിലും നീരൊഴുക്ക് ശക്തമാകാത്തത് കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശത്ത് പ്രളയ ഭീഷണി തുടരുന്നു. മരങ്ങളും മരക്കൊമ്പുകളും വീണ് തകർന്ന വൈദ്യുതി ബന്ധം പലയിടത്തും പൂർണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. താലൂക്കിലെ 13 പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായത്

4. കടൽ പ്രക്ഷുബ്ധമായി തീരദേശ റോഡിലേക്ക് കടൽവെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് വലിയഴീക്കൽ ഭാഗത്തേക്കുള്ള യാത്ര ദുരിതത്തിലായി. മങ്കൊമ്പ് ഭാഗത്ത് 50ൽ അധികം വീടുകൾ വെള്ളത്തിൽ മുങ്ങി. നവീകരണം നടക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ പലഭാഗങ്ങളും വെള്ളക്കെട്ടിലായി.

ദുരിതാശ്വാസ

ക്യാമ്പുകൾ

ആകെ : 7

അമ്പലപ്പുഴ: 5

ചെങ്ങന്നൂർ : 1

ചേർത്തല: 1

ആകെ കുടുംബങ്ങൾ: 280

തകർന്ന വീടുകൾ

ചേർത്തല : 1

അമ്പലപ്പുഴ: 1

കുട്ടനാട് :1

മാവേലിക്കര : 9