ആലപ്പുഴ: മഴക്കാല പൂർവ്വശുചീകരണം നടന്ന ആലപ്പുഴ നഗരത്തിൽ പകർച്ചവ്യാധി ഭീഷണി ഒഴിയുന്നില്ല. പല ജലാശയങ്ങളും മാലിന്യങ്ങൾ നിറഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ്. ശുചീകരണം നടത്താതിരുന്ന തോടുകളാണ് പകർച്ചവ്യാധിഭീഷണി ഉയർത്തുന്നത്.
നഗരപ്രദേശത്തെ റാണി, ഷഡാമണി തോടുകളിലാണ് മാലിന്യം കൂഴുതൽ. ഈ തോടുകളിൽ നിന്ന് പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളും ചെളിയും നീക്കി ആഴം വർദ്ധിപ്പിച്ചിരുന്നെങ്കിൽ പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകുമായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലമുണ്ടായ കാലതാമസത്തിലാണ് ഈ തോടുകളുടെ പ്രവൃത്തി മുടങ്ങിയതെന്നാണ് നഗരസഭാധികൃതരുടെ വിശദീകരണം. രണ്ട് തോടുകളുടെയും ശുചീകരണത്തിനായി 25 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരുന്നത്. നഗരത്തിലെ പതിനഞ്ചോളം വാർഡുകളെ ബന്ധിപ്പിച്ച് വാടപ്പൊഴിയിലും, അയ്യപ്പൻ പൊഴിയിലും, കൊട്ടാരത്തോട്ടിലും പതിക്കുന്ന തോടുകളാണ് റാണിയും ഷഡാമണിയും.
വില്ലനായത് അശാസ്ത്രീയ നിർമ്മാണങ്ങൾ
1.നഗരത്തിലെ അശാസ്ത്രീയമായ റോഡ്, പാലം നിർമ്മാണങ്ങളും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലെ പോരായ്മയുമാണ് അതിരൂക്ഷമായ വെള്ളക്കെട്ടിന് കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു
2.കാലവർഷം അടുത്തപ്പോൾ മാത്രമാണ് നഗരത്തിലെ പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ബണ്ടുകൾ നിർമ്മിച്ചത്.
3.തോട്ടാത്തോട് പാലം, ആറാട്ടുവഴി പാലം, പോപ്പി പാലം എന്നിവ പൊളിച്ചപ്പോൾ വെള്ളം ഒഴുക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതർ ശ്രദ്ധിച്ചില്ലെന്നാണ് ആക്ഷേപം.
4.ഡ്രേയിനേജ് സൗകര്യം ഇല്ലാതെ റോഡുകൾ ഒന്നര അടിയിലേറെ ഉയർത്തി പണിതത് മൂലം കാഞ്ഞിരംചിറ, മംഗലം, തുമ്പോളി വാർഡുകളിലെ തീരദേശത്തുള്ള നൂറ് കണക്കിന് വീടുകൾ വെള്ളക്കെട്ടിലാണ്
അശാസ്ത്രീയ നിർമ്മാണങ്ങളാണ് വെള്ളക്കെട്ടിന് കാരണമായത് . കാലവർഷത്തിന് മുന്നോടിയായി തന്നെ വെള്ളംമൊഴുകി പോകുന്നതിനുള്ള സംവിധാനം ഒരുക്കണമായിരുന്നു. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളാരംഭിക്കും
-കെ.എ.സാബു, നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്