അരൂർ: ശക്തമായ മഴയെത്തുടർന്ന് അരൂരിലും പരിസരപ്രദേശങ്ങളിലും തീരാദുരിതം ഇരട്ടിയായി. ഗ്രാമീണ റോഡുകളിലും ദേശീയപാതയിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതവും താറുമാറായി.
ഇന്നലെ രാവിലെയുണ്ടായ പെരുമഴയിൽ അരൂർ മേഖലയിൽ ഭൂരിഭാഗം വീടുകളിലും പെയ്ത്തു വെള്ളം കയറി. കായലുകളിലും പൊതുതോടുകളിലും ജലനിരപ്പ് ഉയർന്ന നിലയിലാണ്. ദേശീയപാതയോരം വെള്ളത്തിൽ മൂങ്ങുകയും വൻകുഴികൾ രൂപപ്പെടുകയും ചെയ്തതോടെ കാൽനടയും വാഹന യാത്രയും ഏറെ ക്ലേശകരമായി .
ഇന്നലെ രാവിലെ ഉണ്ടായ ഇടിമിന്നലിൽ അരൂർ പഞ്ചായത്ത് 17-ാം വാർഡ് കളപ്പുരക്കൽ കിച്ചലുവിന്റെ വീട്ടിൽ ഫ്രിഡ്ജ് അടക്കം നിരവധി ഗൃഹോപകരണങ്ങൾക്ക് നാശനഷ്ടമുണ്ടായി. വൈദ്യുതി മീറ്ററും വയറിംഗും കത്തി നശിച്ചു. പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചു. വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീകൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അരൂർ പഞ്ചായത്ത് ഏഴാം വാർഡിൽ അഡ്വ.സഞ്ജീവ് ഭാസ്കറിന്റെ വീട്ടുമുറ്റത്ത് നിന്നിരുന്ന തേക്ക് മരം കടപുഴകി റോഡിലേയ്ക്ക് വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. ദേശീയപാതയിൽ കാനകൾ മൂടി പോയതിനാൽ മഴവെള്ളം ഒഴുകി പോകാതെ പാതയോരത്ത് കെട്ടി നിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇന്നലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ അടക്കമുള്ള വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.