bjp-prathishedham

മാന്നാർ: കുട്ടമ്പേരൂർ ഗുരുതിമുക്ക് റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ വള്ളമിറക്കി പ്രതിഷേധിച്ചു. മാന്നാർ പഞ്ചായത്തിലെ 11, 12 വാർഡുകളിലുടെ കടന്ന് പോകുന്ന ഗുരുതിമുക്ക് റോഡിൽ ചെറിയൊരു മഴ പെയ്താൽ പോലും ഇതുവഴിയുള്ള യാത്ര ഏറെ ബുദ്ധിമുട്ടാകും. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങൾ നിരവധി തവണ പരാതികൾ നൽകിയിട്ടും പരിഹാരം കാണാൻ അധികാരികൾ തയ്യാറായില്ലെന്ന് ബി.ജെ.പി ആരോപിച്ചു. സമരം ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മാന്നാർ പഞ്ചായത്ത് കിഴക്കൻ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് രാജീവ് ശ്രീരാധേയം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഉദയൻ വലിയകുളങ്ങര, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് പാർവ്വതി രാജീവ്, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ, യുവമോർച്ച ജനറൽ സെക്രട്ടറി മിഥുൻ വലിയകുളങ്ങര, കിഴക്കൻ ഏരിയ സെക്രട്ടറി സതീഷ് കുമാർ, സോഷ്യൽ മീഡിയ കോ-കൺവീനർ അഭിലാഷ്, മഹിളാ മോർച്ച ഏരിയ പ്രസിഡന്റ് അനുപമ രാജീവ്, ശരത്, ഗോപാലകൃഷ്ണൻ മെഴുവേലിൽ, പ്രസാദ്, സിന്ധു ഹരി, സ്മിത, സുരേഷ് എന്നിവർ നേത്യത്വം നൽകി. സമരത്തിന് ശേഷം ബി.ജെ.പി പ്രവർത്തകർ ജെ.സി.ബി ഉപയോഗിച്ച് വെള്ളം ഒഴുക്കി വിട്ട് താത്കാലിക പരിഹാരമുണ്ടാക്കി.