photo

ചാരുംമൂട്: താമരക്കുളത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം.താഴ്ന്ന പ്രദേശമായ നടീൽ വയലിലെ 20 ഓളം വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. മിക്കവീടുകളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഗ്രാമീണ റോഡുകളിൽ വെള്ളം കയറിയതോടെ യാത്രയും ദുരിതത്തിലാണ്. ശക്തമായ മഴയിൽ വീടുകൾക്ക് മുന്നിലൂടെയുള്ള തോട് കരകവിഞ്ഞൊഴുകിയാണ് വീടുകളിലേക്ക് വെള്ളം കയറുന്നത്. തോടിന്റെ വശങ്ങൾ കെട്ടിയുയർത്തി സംരക്ഷണം ഒരുക്കാനുള്ള പദ്ധതിക്ക് ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം ആരംഭിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. ചാരുംമൂട് മേഖലയിലെ താമരക്കുളം, ചുനക്കര , നൂറനാട്, വള്ളികുന്നം, പാലമേൽ പഞ്ചാത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങിലും വെള്ളത്തിലാണ്. ശക്തമായ കാറ്റിൽ വാഴ കൃഷി വ്യാപകയായി നശിച്ചിട്ടുണ്ട്. മരങ്ങൾ വീണ് നിരവധി വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു. വൈദ്യുതി കമ്പികളും പൊട്ടി വീണതിനാൽ പല സ്ഥലങ്ങിലെ വൈദ്യുതിയും നിലച്ചിരിക്കുകയാണ്. വെള്ളം കയറി ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്രയും ദുരിതത്തിലാണ്.

.........

# മഴക്കാലം ക്യാമ്പിൽ

മഴക്കാലത്ത് താമരക്കുളത്തെ താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ആശ്രയം ദുരിതാശ്വാസ ക്യാമ്പാണ്. വരും ദിവസങ്ങളിൽ മഴ തുടർന്നാൽ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും. എല്ലാ മഴക്കാലത്തുമുള്ള ഈ ദുർഗതിക്ക് പരിഹാരമില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.