മാവേലിക്കര: കേരളപാണിനി അക്ഷരശ്ലോക സമിതിയുടെ മുപ്പത്തിയൊന്നാമത് വാർഷികസമ്മേളനം നാളെ രാവിലെ 9 മുതൽ എ.ആർ.രാജരാജവർമ്മ സ്മാരകത്തിൽ നടക്കും. 9ന് രജിസ്‌ട്രേഷൻ, 9.15ന് എ.ആർ.രാജരാജവർമ്മയുടെ അസ്ഥിത്തറയിൽ പുഷ്പാർച്ചന, 10ന് അക്ഷരശ്ലോക സമ്മേളനം. രക്ഷാധികാരി കെ.രാമവർമ്മരാജ ഉദ്ഘാടനം ചെയ്യും. ഭരണസമിതി അംഗം വിജയൻനായർ നടുവട്ടം അദ്ധ്യക്ഷനാവും. ട്രഷറർ കെ.ജനാർദ്ദനക്കുറുപ്പ്, കമല പ്രഭാകരൻ, വേലൂർ പരമേശ്വരൻ നമ്പൂതിരി എന്നിവർ സംസാരിക്കും.10.30 മുതൽ അക്ഷരശ്ലോക സമ്മേളനം ഉഷ എസ്.കുമാറിന്റെ നേതൃത്വത്തിൽ വേദി ഒന്നിലും, കുട്ടികൾക്കുള്ള അക്ഷരശ്ലോക മത്സരം, ദ്രുതകവനം, മുക്തരചനാ മത്സരം, ഹാസ്യ കവിതാ മത്സരം എന്നിവ വേദി രണ്ടിലും നടക്കും. തുടർന്ന് ഏകാക്ഷര മത്സരം. 12ന് ഡി.സുഭദ്രക്കുട്ടിയമ്മയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സാഹിത്യസമ്മേളനം എസ്.മുരളീധരകൈമൾ ഉദ്ഘാടനം ചെയ്യും. ഷാജി കളിയച്ഛൻ, ജെ.ഗോപകുമാർ, കെ.കുഞ്ഞുകുഞ്ഞു തഴക്കര എന്നിവർ സംസാരിക്കും. തുടർന്ന് കഥയരങ്ങും കവിയരങ്ങും നടക്കും.
നാളെ തെക്കേക്കര യു.പി.എസ് വിദ്യാർത്ഥികൾ അക്ഷരശ്ലോകം അവതരിപ്പിക്കും. 3ന് സമാപന സമ്മേളനം. ചലച്ചിത്ര സംഗീത സംവിധായകൻ ഡോ.മണക്കാല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് വി.ജെ.രാജമോഹൻ അദ്ധ്യക്ഷനാകും.