arun-roy

മാന്നാർ: നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ തനിയെ മുന്നോട്ട് നീങ്ങി കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ, വാനിലുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി അനിൽ റോയിയുടെ മകൻ അരുൺ റോയ് (29) ആണ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാലു മണിക്കായിരുന്നു അപകടം. ഉളുന്തിയിലെ ശാന്തി പാവേഴ്സ് എന്ന ഇന്റർലോക്ക് കമ്പനിയിലെ തൊഴിലാളിയായ അരുൺ റോയ് കമ്പനിക്ക് സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിനുള്ളിൽ ഫോൺ ചെയ്തുകൊണ്ടിരിക്കെ, വാൻ തനിയെ മുൻപോട്ടു നീങ്ങി കുളത്തിലേക്ക് വീഴുകയായിരുന്നു. ഇതു കണ്ടു നിന്ന മറ്റൊരു തൊഴിലാളിയുടെ ബഹളം കേട്ട് എത്തിയ നാട്ടുകാർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന അരുൺ റോയിയെ പുറത്തെടുത്ത് മാവേലിക്കര ഗവ. ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയവെ ഇന്നലെ പുലർച്ചെ 2 മണിയോടെ മരിച്ചു.