pidiyamma

ബുധനൂർ : വീടിന് മുമ്പിലുള്ള നടപ്പാലപാലത്തിൽ നിന്ന് കാൽ വഴുതി തോട്ടിലേക്ക് വീണ വൃദ്ധ മരിച്ചു. ബുധനൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ കടമ്പൂര് കൊട്ടയ്ക്കാട്ട് തറയിൽ ചന്ദ്രവിലാസത്തിൽ പരേതനായ രാഘവന്റെ ഭാര്യ പൊടിയമ്മയാണ് (80) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7.30ന് വീടിന് മുമ്പിലുള്ള കോൺക്രീറ്റ് ചെയ്ത നടപ്പാലത്തിൽ നിന്ന് കാൽ വഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു. മഴയായതിനാൽ സമീപത്തുള്ളവർ അറിഞ്ഞിരുന്നില്ല. രാത്രി 9 മണി കഴിഞ്ഞ് ചെറുമകൻ തോട്ടിൽ മീൻ പിടിക്കാനിട്ടിരുന്ന മീൻകൂട് പരിശോധിക്കനായി ഇറങ്ങിയപ്പോഴാണ് പൊടിയമ്മ വെള്ളത്തിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാന്നാർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. മക്കൾ: ഗോപാലകൃഷ്ണൻ, ലളിത, ശാരദ, പരേതനായ ചന്ദ്രൻ. മരുമക്കൾ: സുജാത, രാജൻ, ഉണ്ണികൃഷ്ണൻ, ജയമോൾ.