dfsf

വള്ളികുന്നം: ഒരു നാടിന്റെ പ്രാർത്ഥനയും സഹായവും വിഫലമായി,​ പേരൂർ വിഷ്ണു യാത്രയായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷ്ണുവിന്റെ ജീവന് വേണ്ടി നാട് ഓട്ടത്തിലായിരുന്നു. കരൾ രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വള്ളികുന്നം ഇലപ്പിക്കുളം പേരൂർ വിഷ്ണു ഭവനിൽ രതീഷ് കുമാറിന്റെ മകൻ പേരൂർ വിഷ്ണു എന്ന വിഷ്ണു .ആർ (34) നാടിന്റെ കാരുണ്യം എത്തുംമുമ്പേ വിട വാങ്ങി. ആറുമാസമായി ചികിത്സയിലായിരുന്ന വിഷ്ണുവിന് 50 ലക്ഷം രൂപയാണ് കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയിരുന്നത്. കായംകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വിഷ്ണുവിനും കുടുംബത്തിനും ഈ തുക തികച്ചും അപ്രാപ്യമായിരുന്നു. കരൾ പകുത്തു നൽകാൻ സുഹൃത്ത് തയ്യാറായി വന്നപ്പോൾ തടസ്സമായി നിന്നത് ഭീമമായ തുകയായിരുന്നു. ഈ അവസരത്തിലാണ് രണ്ടാഴ്ച മുന്പ് വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ച് പേരൂർ വിഷ്ണുവിന്റെ ചികിത്സയ്ക്കായി സാമ്പത്തിക സമാഹരണം നടത്തിവന്നത്. കേവലം 14 ദിവസം കൊണ്ട് ആവശ്യമായ തുകയുടെ 90ശതമാനവും സമാഹരിച്ച് ഈ ആഴ്ച തന്നെ ശസ്ത്രക്രിയ നടത്തുവാൻ തീരുമാനിച്ചിരിക്കവേയാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ വിഷ്ണു മരിച്ചത്. ഗീതാദേവിയാണ് അമ്മ. സഹോദരി: വീണ.