ആലപ്പുഴ: നവീകരണം നടക്കുന്ന ദേശീയപാതയിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതോടെ യാത്രക്കാർ ഒരുവഴിക്കായി. പഴയ എൻ.എച്ച് പൊളിച്ച് ഉയരം കൂട്ടുന്നതിന്റെ ഭാഗമായി ഇരുവശത്തെയും സർവീസ് റോഡിലൂടെയാണ് പലസ്ഥലങ്ങളിലും വാഹനങ്ങൾ കടത്തിവിടുന്നത്. നങ്ങ്യാർകുളങ്ങര,​ തോട്ടപ്പള്ളി,​ ഡാണാപ്പടി, പുന്നപ്ര, വണ്ടാനം, കരൂർ എന്നിവടങ്ങളിലെല്ലാം ഇത്തരത്തിൽ സർവീസ് റോഡുകളെയാണ് ആശ്രയിക്കുന്നത്. ഈ റോഡുകളിലെ മഴക്കുഴികളാണ് വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്നത്. പലറോഡുകളും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. വാട്ടർ വർക്സ് മുതൽ പുന്നപ്ര മാർക്കറ്റ് വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരം വാഹനങ്ങൾ നിരങ്ങിയാണ് നീങ്ങുന്നത്.

രണ്ട് വാഹനങ്ങൾ ഒരേസമയം കടന്നുപോകാൻ ആവശ്യമായ വീതി റോഡിന്റെ പലഭാഗത്തുമില്ല.

ഇതുകാരണം മുമ്പിലുള്ള വാഹനങ്ങളെ മറികടക്കാൻ കഴിയാത്ത സ്ഥിതിയാണ്.

രോഗികളുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നവരും വലിയ ദുരിതമാണ് നിരത്തിൽ അനുഭവിക്കുന്നത്. നിലവിലെ റോഡിനേക്കാൾ പലഭാഗത്തും കാനകൾ ഉയരത്തിൽ നിർമ്മിച്ചത് വെള്ളം ഒഴുകിപോകുന്നതിന് തടസമായിട്ടുണ്ട്. കാലവർഷവും

സ്കൂൾതുറപ്പും എത്തുന്നതോടെ ഗതാഗതക്കുരുക്ക് ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.