ആലപ്പുഴ: അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റും മുൻ പി.എസ്.സി അംഗവുമായ അഡ്വ.പി.ആർ. ദേവദാസ് (68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 5.15നായിരുന്നു അന്ത്യം. ഗുരുവായൂരിൽ മകനൊപ്പം താമസിച്ചിരുന്ന അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരള നവോത്ഥാന സംരക്ഷണ സമിതി വൈസ് ചെയർമാനും ഹിന്ദു പാർലമെന്റ് മുൻ അദ്ധ്യക്ഷനുമാണ്.
മൃതദേഹം ചെങ്ങന്നൂരിലെ വിശ്വകർമ്മ മഹാസഭ ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചശേഷം വിലാപയാത്രയായി കുടുംബവീടായ ആലപ്പുഴ ചമ്പക്കുളത്തെ പൂത്തറ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പലത (കൊല്ലം കല്ലുംതാഴെ ശ്രീനിലയം കുടുംബാംഗം). മക്കൾ: വൈശാഖ് ദാസ് (ഗുരുവായൂർ ദേവസ്വം ബോർഡ്), ഡോ.വിവേക് ദാസ്.
കാൽ നൂറ്റാണ്ടായി സംഘടനയ്ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ദേവദാസിന്റേത്. വിശ്വകർമ്മജരുടെ ഉന്നമനത്തിനായി സംഘടന രൂപീകരിച്ച് ദീർഘകാലം പ്രസിഡന്റ് പദവിയിൽ തുടർന്നു വരികയായിരുന്നു.