ambala

അമ്പലപ്പുഴ: നീർക്കുന്നം തേവരുനട ക്ഷേത്രക്കുളം കവിഞ്ഞൊഴുകി ദേശീയപാതയിൽ വെള്ളം കയറി. ഇന്നലത്തെ തോരാ മഴയിലാണ് ദേശീയ പാതയിലേക്കും വെള്ളം കയറിയത്. ഇതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. തോട്ടപ്പള്ളി മുതൽ കളർകോട് വരെ ദേശീയപാതയോരങ്ങളിലും സർവീസ് റോഡുകളും വെള്ളക്കെട്ടായി. പല സർവ്വീസ് റോഡുകളും ടാറിംഗ് ചെയ്യാത്തത് കാരണം പൂഴിയും മഴ വെള്ളവും കലർന്ന് ചെളിക്കുണ്ടായി. കാലവർഷം എത്തുന്നതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം കൂടുതൽ താറുമാറാകും. ദേശീയപാതയോരത്ത് വെള്ളം കെട്ടികിടക്കുന്നതിനാൽ ബസ് കാത്തുനിൽക്കുന്നവരും ദുരിതത്തിലാണ്. പല വ്യാപാര സ്ഥാപനങ്ങളിലേക്കും ആളുകൾക്ക് കയറാൻ കഴിയാത്ത തരത്തിൽ വെള്ളക്കെട്ടുണ്ട്. ഇത് കച്ചവടത്തേയും സാരമായി ബാധിച്ചിട്ടുണ്ട്. വഴിവിളക്ക് ഇല്ലാത്തത് അപകടങ്ങൾക്ക് സാദ്ധ്യത ഏറെയാണ്.