ആലപ്പുഴ: നാഷണൽ ആയുഷ് മിഷൻ കേരളയുടെ നേതൃത്വത്തിൽ ബോട്ടിൽ സജ്ജീകരിച്ച ആയുർവേദ ആശുപത്രിയായ 'ആരോഗ്യ നൗക" കുട്ടനാട്ടുകാർക്ക് ആശ്വാസമാകുന്നു. കുട്ടനാടൻ ജനതയ്‌ക്ക് സൗജന്യ ആയുർവേദ പരിരക്ഷ നൽകുകയെന്ന ലക്ഷ്യത്തിലാണ് വീട്ടുപടിക്കലെത്തുന്ന ആരോഗ്യനൗക സജ്ജീകരിച്ചിരിക്കുന്നത്.
എല്ലാ പഞ്ചായത്തുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ നിലവിലുണ്ടെങ്കിലും കുട്ടനാടിന്റെ ഭൂരിഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതിനാൽ അവിടെയെത്താൻ വളരെ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യനൗക പദ്ധതി ജനങ്ങൾക്ക് ആശ്വാസമാകുന്നത്. യാത്രാ സൗകര്യങ്ങൾ കുറഞ്ഞ ഇടങ്ങളിൽ, മോട്ടോർ ബോട്ടിൽ സജ്ജീകരിച്ച ആയുർവേദ ഡിസ്‌പെൻസറിയാണ് രോഗികൾക്കരികിലെത്തുക.
കൈനകരി, പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം തുടങ്ങിയ പഞ്ചായത്തുകളിൽ ആരോഗ്യനൗക പ്രവർത്തിക്കുന്നുണ്ട്. എല്ലാ ആഴ്ചയും മുൻകൂട്ടി അറിയിക്കുന്ന തീയതികളിൽ സേവനം ലഭ്യമാകും. ഒരു മെഡിക്കൽ ഓഫീസറും ഒരു മൾട്ടി പർപ്പസ് വർക്കറുമാണ് ബോട്ടിലുണ്ടാവുക. അവശ്യം വേണ്ട എല്ലാ ആയുർവേദ മരുന്നുകളും ആരോഗ്യനൗകയിൽ സജ്ജമാണ്. സാംക്രമികവും അല്ലാത്തതുമായ രോഗങ്ങൾക്കുള്ള പരിരക്ഷയും അവയെക്കുറിച്ചുള്ള അവബോധവും സൃഷ്ടിക്കാൻ പദ്ധതിക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്.
ജീവിത ശൈലീ രോഗങ്ങൾക്കുള്ള ചികിത്സയും രോഗനിർണയവും നടത്തുന്നതിന് പുറമേ അവശരായ രോഗികൾക്ക് മെഡിക്കൽ ഓഫീസറടങ്ങുന്ന സംഘം വീട്ടിലെത്തി വൈദ്യസഹായവും ഉറപ്പാക്കുന്നു. പതിനായിരത്തിലധികം രോഗികൾ ഇതിനോടകം ആരോഗ്യനൗകയുടെ സേവനം നേടിയിട്ടുണ്ട്. നിരന്തരമായ നിരീക്ഷണത്തിലൂടെ കുട്ടനാട്ടിലെ പകർച്ചവ്യാധി സാദ്ധ്യതകൾ മുൻകൂട്ടി നിർണയിക്കുകയെന്ന ലക്ഷ്യവും ആരോഗ്യ നൗകയ്‌ക്കുണ്ട്.