ആലപ്പുഴ: തോരാമഴയിൽ ആലപ്പുഴ നഗരം വെള്ളത്തിൽ മുങ്ങി. ഇന്നലെ രാവിലെ മുതൽ നിറുത്താതെ പെയ്ത മഴയിൽ ഗതാഗതം ദുരിതപൂർണമായി. പ്രധാന റോഡുകളും ഗ്രാമീണ റോഡുകളും തോടായി മാറി. കിടങ്ങാംപറമ്പ് ക്ഷേത്രവും പരിസരവും മഴവെള്ളത്തിൽ മുങ്ങി. തത്തംപള്ളി, പുന്നമട വായനശാല, തോട്ടാതോട്, മാമ്മൂട്, ബീച്ച്, റെയിൽവേ സ്റ്റേഷൻ, കുതിരപ്പന്തി, ഗുരുമന്ദിരം, ആലിശ്ശേരി, കളർകോട്, പഴവീട്, മംഗലം, പൂന്തോപ്പ്,ആശ്രമം വാർഡുകളിലെ 2000ത്തിലധികം വീടുകൾ വെള്ളത്തിൽ മുങ്ങി. എ.വി.ജെ മുതൽ പിച്ചുഅയ്യർ ജംഗ്ഷൻ വരെയുള്ള റോഡ് തോടായി മാറി. സമീപത്തെ വ്യാപാരശാലകളിൽ വെള്ളംകയറി. വലിയമരം, ആലിശ്ശേരി ഭാഗങ്ങളിലെയും കളക്ടറേറ്റിന് പടിഞ്ഞാറ് ഭാഗത്തെയും റോഡ് വെള്ളത്തിൽ മുങ്ങി. പുന്നമട വായനാശാലയുടെ സമീപത്തെ വെള്ളം കയറിയ വീടുകളിൽ അധികൃതരുടെ സഹായം ലഭ്യമാകാത്തതിനാൽ വീട്ടുടമകൾ , മോട്ടോർ വാടകയ്ക്ക് എടുത്ത് വെള്ളംവേമ്പനാട്ട് കായലിലേക്ക് പമ്പ് ചെയ്ത് നീക്കിയത്. നഗരസഭ കാനനിർമ്മിക്കാതെ പണിത റോഡിന്റെ ഭാഗത്തുള്ള താമസക്കാരാണ് വെള്ളത്തിൽ മുങ്ങിയത്. തത്തംപള്ളിയിൽ 25കുടുംബങ്ങൾ വെള്ളക്കെട്ടിലാണ്. കലവൂർ വില്ലേജിൽ മാരാരി സൗത്ത് പഞ്ചായത്ത് 17 -ാംവാർഡിൽ വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലത്ത് പാലം തകർന്ന് പോയതിനാൽ ഒറ്റപ്പെട്ടു പോയ ഫ്രാൻസിസ് ആലുമ്പറമ്പിൽ, കാർലി കറുകപ്പറമ്പിൽ എന്നിവരുടെ കുടുംബങ്ങളെ ആലപ്പുഴ ഫയർഫോഴ്സിന്റെ സഹായത്താൽ രക്ഷപ്പെടുത്. കുടുംബങ്ങളെ കാട്ടൂർ ഹോളി ഫാമിലി സ്‌കൂളിലെ ക്യാമ്പിൽ മാറ്റി.

........

# വെള്ളത്തിലായി യുദ്ധക്കപ്പൽ

ബീച്ച് ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും വെള്ളത്തിൽ മുങ്ങി. ബീച്ചിൽ പൈതൃക പദ്ധതിൽ ഉൾപ്പെടുത്തി സ്ഥാപിച്ച യുദ്ധക്കപ്പലിന് നാലുഭാഗവും വെള്ളത്തിലായി. തീരദേശ വാർഡുകളിൽ കടൽ പ്രഷുബ്ധമായി തുടരുന്നത് തീരദേശവാസികളിൽ ആശങ്ക പരത്തുന്നു. ശക്തമായ കാറ്റിൽ തലവടി പഞ്ചായത്ത് മൂന്നാം വാർഡ് പൂന്തുരുത്തി പട്ടമന അഞ്ചിൽ മണി.സിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് അപകടം. സമീപവാസിയായ പട്ടമന അഞ്ചിൽ ലീലാമ്മ രാമചന്ദ്രന്റെ വീട്ടിന്റെ അടുക്കളയുടെ ഷീറ്റും പറന്നു പോയി.കനത്ത മഴയിൽ തലവടി പഞ്ചായത്തിൽ ജനജീവിതം ദുസഹമായി. ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി തുടങ്ങി. റവന്യു - തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥിതിഗതി വിലയിരുത്തി.