ph

കായംകുളം: ശക്തമായ മഴയിൽ കായംകുളത്തും പരിസര പഞ്ചായത്തുകളിലുമായി ആയിരത്തോളം വീടുകളിൽ വെള്ളം കയറി. നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.കായംകുളം നഗരസഭ,കണ്ടല്ലൂർ,ദേവികുളങ്ങര,കൃഷ്ണപുരം,പത്തിയൂർ പഞ്ചായത്തുകളിലാണ് വീടുകളിൽ വെള്ളം കയറിയത്.വീടുകളിൽ ജലനിരപ്പ് രണ്ട് അടിയോളം വരെ ഉയർന്നു. പ്രധാന റോഡുകളും വെള്ളത്തിനടിയിലാണ്.നഗരത്തിൽ പലസ്ഥലങ്ങളിലും വൈദ്യുതി വിതരണം തകരാറിലാണ് .സബ് സ്റ്റേഷന് തെക്ക് ശേന്താശേരി ഭാഗത്ത് ഒരു ദിവസമായി വൈദ്യുതി ഇല്ല. കണ്ടല്ലൂർ പുല്ലുകുളങ്ങര ശ്രുതിലയം വീട്ടിൽ മധുവിന്റെ ഓടിട്ട വീട് മരം വീണ് പൂർണമായും തകർന്നു .വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബം ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് വീട് തകർന്നത്. കൃഷ്ണപുരത്ത് മലയൻ കനാൽ കരകവിഞ്ഞ് നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. നഗരത്തിലെ 12 ,23 വാർഡുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടെയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഐക്യ ജങ്ഷൻ, പെരിങ്ങാല, കണ്ടല്ലൂർ , ടൺ ഹാൾ,ബോട്ടുജെട്ടി ഭാഗം,കല്ലുംമൂട്, കോളജ് ജങ്ഷൻ എന്നിവിടങ്ങളിലെ നാന്നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. നഗരസഭ 22-ാം വാർഡിൽ വെളേവയൽ ഭാഗത്ത് താമസിക്കുന്ന 20 ഓളം വിടുകളിലും ഐക്യജംഗ്ഷൻ കൊച്ചുപള്ളി റോഡിന്റെ ഇരുവശങ്ങളിലെ വീടുകളിലും ദേശിയ പാതയിൽ കല്ലുമൂട്, കോളജ് ജംഗ്ഷനിലെ ഇരുവശങ്ങളിലുമുള്ള താമസിക്കുന്ന വീടുകളിലാണ് വെള്ളം കയറിയത്. മലയൻ കനാൽ കവിഞ്ഞൊഴുകിയതും ഐക്യജംഗ്ഷനിൽ ചാലപ്പള്ളി ഷട്ടർ തുറക്കാത്തും വെള്ളം വീടുകളിൽ കയറാൻ കാരണം. ദേശിയ പാതയിൽ കല്ലുംമൂട്ടിലും കോളജ് ജംഗ്ഷനിലും ടൗൺ ഹാൾ പരിസരത്തും ദേശീയ പാത നിർമാണം കാരണം വെള്ളം ഒഴുകി പോകാൻ സൗകര്യം ഇല്ല. പണിഞ്ഞ ഓടകളാകട്ടെ മണ്ണ് കെട്ടി കിടന്ന് വെള്ളം ഒഴുകി പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇവിടെ 50 വീടുകളിലാണ് വെള്ളം കയറിയത്.

....

ക്യാമ്പ് .....4

 മാറ്റിപാർപ്പിച്ച കുടുംബങ്ങൾ ....250

......

# ആശ്രയം ക്യാമ്പുകൾ

പുള്ളിക്കണക്ക് എൻ.എസ്.എസ് ഹൈസ്കൂളിൽ 125 കുടുംബങ്ങളെയും കൃഷ്ണപുരം ജെ.ടി.എസിൽ 70 കുടുംബങ്ങളെയും കണ്ടല്ലൂരിൽ കൊപ്പാറേഹ് ഹൈസകൂളിലെ ക്യാമ്പിൽ 50 ഓളം കുടുംബങ്ങളെയും പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിൽ 20 കുടുംബങ്ങളേയും മാറ്റി പാർപ്പിച്ചു. പുതിയവിളയിലും കൃഷ്ണപുരത്തും ഇന്നലെ രാത്രി കായംകുളം ഫയർ ഫോഴ്സ് ലൈഫ് ബോട്ട് ഉപയോഗിച്ച് പ്രാമായവരേയും കുട്ടികളെയും ഗർഭിണികളെയും രോഗികളെയും വെള്ളം കയറിയ വീടുകളിൽ നിന്ന് രക്ഷപ്പെടുത്തി ബന്ധുവീടുകളിൽ എത്തിച്ചു.