മാന്നാർ: ദിവസങ്ങളായി നിലയ്ക്കാതെ പെയ്യുന്ന മഴ മൂലം മാന്നാർ പഞ്ചായത്തിൽ വിവിധ വാർഡുകളിലെ ഗ്രാമീണ റോഡുകളിൽ വെള്ളക്കെട്ടിൽ. ഓടകൾ ഇല്ലാത്തതും ഉള്ള ഓടകൾ മാലിന്യങ്ങളും മണ്ണും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതുമാണ് വെള്ളക്കെട്ടുകൾക്ക് കാരണം. മാന്നാർ വായനശാല ജംഗ്ഷനിൽ നിന്ന് വടക്കോട്ട് ശ്രീഭൂവനേശ്വരി സ്കൂളിലേക്ക് പോകുന്ന റോഡിൽ, വെള്ളക്കെട്ട് മൂലം കാൽനട പോലും ദുസഹമാണ്. കുട്ടംപേരൂർ 11,12 വാർഡുകളിലെ വിവിധ റോഡുകളിലും വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കുട്ടംപേരൂർ ഗുരുതിയിൽ ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കഴിഞ്ഞ ദിവസം ബി.ജെ.പി വള്ളമിറക്കി പ്രതിഷേധിച്ചിരുന്നു. കോയിക്കൽമുക്കിനു കിഴക്ക് 15,16 വാർഡുകളിൽപ്പെട്ട കോയിക്കൽ പള്ളം തോടിന്റെ ഇരുകരകളിലുമുള്ള വീടുകളുടെ പരിസരവും വെള്ളം കയറിയ നിലയിലാണ്. പതിനേഴാം വാർഡിൽ ആലുംമൂട് ജംഗ്ഷന് പടിഞ്ഞാറുമാറി കലുങ്കിന്റെ തെക്കോട്ടുള്ള ശാസ്താംപടി-പാലച്ചുവട് റോഡിലും വീടിന്റെ പരിസരങ്ങളും വെള്ളക്കെട്ടിൽ നിറഞ്ഞു.
മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ പാവുക്കര മൂർത്തിട്ട മുക്കാത്താരി റോഡിൽ വെള്ളക്കെട്ടാണ്. പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞതോടെ ചിലവീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. പമ്പ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ ജാഗ്രതയിലാണ്. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനിരഘുനാഥ്, വി.ആർ ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ശാന്തിനിബാലകൃഷ്ണൻ, കെ.സി.പുഷ്പലത, പഞ്ചായത്ത് ജീവനക്കാരായ ജിതേഷ്, മനു തുടങ്ങിയവരുൾപ്പെട്ട സംഘം മാന്നാറിലെ വെള്ളക്കെട്ട് നിറഞ്ഞ പ്രദേശങ്ങൾ സന്ദർശിച്ചു. വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനും ദുരിതാശ്വാസക്യാമ്പുകൾ തുറക്കുന്നതിനും ഗ്രാമപഞ്ചായത്ത് സജ്ജമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി പറഞ്ഞു.