vvv

ഹരിപ്പാട്: ഓട നിർമ്മാണം പാതി വഴിയിൽ നിലച്ചു, ഇരുപതോളം വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ കരുവാറ്റ പഞ്ചായത്ത്‌ എട്ടാം വാർഡിൽ എൻ.എസ്.എസ് കരയോഗ കെട്ടിടം മുതൽ അങ്കണവാടി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലെയും ഒട്ടുമിക്ക വീടുകളിലുമാണ് വെള്ളം കയറിയത്. ഇവിടെ ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓട നിർമ്മാണം നടന്നിരുന്നുവെങ്കിലും പാതി വഴിയിൽ ഉപേക്ഷിച്ചനിലയിലാണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ ബില്ല് മാറി പണം കരാറുകാർ വാങ്ങി പോയെന്നും നാട്ടുകാർ പറയുന്നു. പൂർണമായും വെള്ളത്തിൽ മുങ്ങിയ റോഡിൽ കുഴികളും മറ്റും കാണാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ അപകടത്തിൽപെടുന്നതും പതിവാണ്. ഓട നിർമ്മാണത്തിനായി എത്തിച്ച സ്ലാബുകളും വെള്ളത്തിൽ കിടക്കുന്നതും അപകടം ഉണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു. തിങ്കളാഴ്ച പുതങ്കണ്ടതിൽ രഞ്ജൻ കുഴഞ്ഞു വീണു മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സംസ്കാരം വെള്ളത്തിൽ കട്ടകൾ നിരത്തിയാണ് നടത്തിയത്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.