photo

ചേർത്തല:ശമനമില്ലാതെ മഴ താലൂക്കിൽ ദുരിതമായി പെയ്തിറങ്ങുന്നു. ഇന്നലെ കാ​റ്റിന്റെ ആശങ്കകളൊഴിഞ്ഞുനിന്നെങ്കിലും മഴ ശക്തമായി തുടരുകയാണ്.അന്ധകാരനഴി പൊഴി ചൊവ്വാഴ്ച രാത്രി മുറിച്ച് നീരൊഴുക്കു സുഗമമായിരുന്നു.എന്നാൽ വേലിയേ​റ്റത്തിൽ നീരൊഴുക്കു തടസപെട്ടതോടെ വീണ്ടു മണ്ണുമാന്തിയന്ത്റം ഉപയോഗിച്ചു പ്രവർത്തനങ്ങൾ തുടരുകയാണ്. നിലവിൽ 5000ത്തിലധികം വീടുകൾ വെള്ളക്കെട്ടു ഭീഷണിയിലാണ്.പട്ടണക്കാടിന് പിന്നാലെ ചേർത്തല തെക്ക് ആറാം വാർഡിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കണ്ണിമ​റ്റത്ത് അംബേദ്കർ സാംസ്‌കാരിക നിലയത്തിൽ തുടങ്ങിയ ക്യാമ്പിൽ രണ്ടു കുടുംബങ്ങളിലെ ഒമ്പതുപേരാണുള്ളത്.
ചേർത്തല നഗരത്തിൽ ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് എച്ച്.എസ്.എസ്,ചേർത്തല ഡി.ഇ.ഒ,എ.ഇ.ഒ ഓഫീസുകൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.സ്കൂളിന്റെ മതിൽ കെട്ടിൽ പല സ്ഥലങ്ങളിലും മുട്ടൊപ്പം വെള്ളം കെട്ടികിടക്കുകയാണ്. രാത്രിയും മഴ തുടർന്നാൽ ഓഫീസുകളിലും വെള്ളം കയറും.നഗരത്തിലെ വേളോർവട്ടം ഭാഗത്തു പ്രധാന റോഡിൽ ഗതാഗത തടസമുണ്ടാക്കിയ വെള്ളക്കെട്ടിനു പരിഹാരമായി. പട്ടണക്കാട്, കടക്കരപ്പള്ളി,ചേർത്തലതെക്ക് പഞ്ചായത്തുകളിൽ വെള്ളക്കെട്ടുവലിയ ഭീഷണിയാകുന്നുണ്ട്.കിഴക്കൻ വെള്ളവും ഒഴുകിയെത്തുന്ന സാഹചര്യത്തിൽ വേമ്പനാട്ടുകായലിലെയും ജലനിരപ്പ് ഉയരുന്നുണ്ട്. ഇതു കായലോരത്തും വലിയ വെള്ളക്കെട്ടിനു കാരണമാകുന്നുണ്ട്.ചൊവ്വാഴ്ച ചേർത്തല തെക്കിൽ ഒരു വീട് ഭാഗികമായി തകർന്നിട്ടുണ്ട്.തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീരൊഴുക്കു സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.