tur

തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രി സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികളായ മാതാപിതാക്കളുടെ കുട്ടികൾക്ക് പഠനോപകരണകിറ്റ് വിതരണം ചെയ്തു. 40 ഓളം കുടുംബങ്ങളിലെ കുട്ടികൾക്കാണ് സ്കൂൾ ബാഗ്, കുട,ഇൻസ്ട്രുമെന്റ് ബോക്സ്, നോട്ടുബുക്കുകൾ മുതലായവ അടങ്ങിയ പഠനോപകരണ കിറ്റുകൾ നൽകിയത്. പരിപാടിയുടെ ഉദ്ഘാടനം തുറവൂർ ടി.ഡി ഹൈസ്കൂൾ മലയാളം അദ്ധ്യാപിക കെ.കെ.ബിജിമോൾ നിർവഹിച്ചു. എസ്. എസ്. എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വൈഷ്ണവി സി.സനിലിനെആദരിച്ചു. ഈ കുട്ടിയുടെ പിതാവ് സനിൽ ഇരുകാലുകളും തളർന്ന് രണ്ടുവർഷമായി കിടപ്പിലാണ്. ആശുപത്രി സൂപ്രണ്ട് ഡോ. ആർ.റൂബി അദ്ധ്യക്ഷനായി.പാലിയേറ്റീവ് ജില്ലാ കോ- ഓർഡിനേറ്റർ ട്രീസാ, കൺസൾട്ടന്റ് ഡോ.അലീസ, നഴ്സിംഗ് സൂപ്രണ്ട് പ്രിയംവദ,ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്,ലേഡി ഹെൽത്ത്‌ സൂപ്പർവൈസർ ജയ ജാസ്മിൻ, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ അനിത, പാലിയേറ്റീവ് നേഴ്സ് ഷൈനി എന്നിവർ സംസാരിച്ചു.