മാന്നാർ: ഹരിപ്പാട്-ഇലഞ്ഞിമേൽ റോഡിൽ കുട്ടംപേരൂർ 11, 12 വാർഡുകളിൽപ്പെട്ട ഗുരുതിയിൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണേണ്ടത് പൊതുമരാമത്ത് റോഡ് വിഭാഗമാണെന്നും ചെറിയ മഴപെയ്താൽ പോലും വെള്ളക്കെട്ട് ഉണ്ടാകുന്നത് പി.ഡബ്ല്യു.ഡി ഓട പണിയാത്തതുമൂലം ആണെന്നും വാർഡ് മെമ്പർ അജിത്ത് പഴവൂർ പറഞ്ഞു.നിലവിൽ റോഡ് വാട്ടർ അതോറിട്ടിയുടെ ജൽജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുകയാണെന്നും റോഡിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് പി.ഡബ്ല്യു.ഡിക്ക് കൈമാറിയെങ്കിൽ , മാത്രമേ ഓട നിർമ്മിക്കുവാൻ കഴിയുകയുള്ളൂവെന്നും പി.ഡബ്ല്യു.ഡി അധികാരികൾ അറിയിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ സ്ഥലം സന്ദർശിച്ച് 7 ലക്ഷം രൂപയുടെ പദ്ധതി മുൻപ് തയ്യാറാക്കിയിരുന്നു. കുട്ടമ്പേരൂർ ഗുരുതിയിൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വള്ളമിറക്കി പ്രതിഷേധിച്ചിരുന്നു.