ambala

അമ്പലപ്പുഴ: കടലിൽ എൻജിൻ കേടായ ബോട്ടും 9 തൊഴിലാളികളെയും 18 മണിക്കൂർ പരിശ്രമഫലമായി കരക്കെത്തിച്ചു. തമിഴ്നാട് തുത്തൂർ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ഷാർജി അമ്മ എന്ന ബോട്ടിനെയാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച കടലിൽ വച്ച് എൻജിൻ കേടായി കിടക്കുന്നതായി ഫിഷറിസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിച്ചിരുന്നു. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ അസി.ഡയറക്ടറുടെ നിർദേശത്തെ തുടർന്ന് ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ട് കായംകുളം ഹാർബറിൽ നിന്ന് പുറപ്പെട്ട് , തകരാറിലായ ബോട്ടിനെ കെട്ടി വലിച്ചു കായംകുളം ഹാർബറിൽ ഇന്നലെ രാവിലെ എത്തിച്ചു. മറൈൻ ഫോഴ്സ് ഗാർഡുമാരായ സി. പി. ഒ. അരുൺ, ആദർശ് ,ലൈഫ് ഗാർഡ്മാരായ ജയൻ, സെബാസ്റ്റ്യൻ, സ്രാങ്ക് രഞജൻ, ഡ്രൈവർ ദാസപ്പൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.