dfsedd

മുഹമ്മ: കനത്ത പേമാരിയിലും കാറ്റിലും മണ്ണഞ്ചേരിയിൽ വ്യാപക നാശം. വൻമരം കടപുഴകി വീണ് വീട് പൂർണ്ണമായും തകർന്നു. പഞ്ചായത്ത് 20-ാം വാർഡ് ഉണ്ണി വെളിയിൽ അൻസാരിയുടെ വീടാണ് ആഞ്ഞിലി മരം കടപുഴകി വീണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന ഐഷയുടെ രണ്ട് കുട്ടികളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന് ചുറ്റും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്. 19-ാം വാർഡിൽ കുന്നപ്പള്ളി ജംഗ്ഷന് സമീപം ചൂഴാട്ട് വെളിയിൽ ഉനൈസ്, സുലൈമാൻ, കെബീർ എന്നിവരുടെ വീടുകളിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾ അടക്കം നശിച്ചു. പ്രദേശത്താകമാനം കനത്ത വെള്ളക്കെട്ടാണ്. കൈതോടുകൾ ആകമാനം നികത്തിയതാണ് വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

മുഹമ്മ, കലവൂർ സെക്ഷൻ പരിധികളിൽ മരം വൈദ്യുതി കമ്പികളിലേക്ക് വീണ് വ്യാപകമായി വൈദ്യുതി തൂണുകൾ ഒടിയുകയും കമ്പികൾ പൊട്ടുകയും ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണ വലിയ മരങ്ങൾ വെട്ടി മാറ്റാൻ സാധിക്കാത്തതിനാൽ രാത്രി വരെയും പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ആയിട്ടില്ല.