മാന്നാർ : മാലിന്യങ്ങൾ നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതിനെ തുടർന്ന് മാന്നാർ നാലാം വാർഡിലെ വിഷവർശ്ശേരിക്കര കുറ്റിയിൽ കോളനിയിലൂടെ കടന്നുപോകുന്ന പി.ഐ.പി കനാൽ കവിഞ്ഞൊഴുകിയത് ജനങ്ങളെ ദുരിതത്തിലാക്കി. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത ശക്തമായ മഴയിൽ കനാലിൽ വെള്ളം നിറയുകയും വെള്ളം ഒഴുകിപ്പോകാതെ കനാൽ കവിഞ്ഞൊഴുകിയതോടെ കനാലിന്റെ ഇരു വശങ്ങളിലുമുള്ള വീടുകളിലും വഴികളിലും മലിനജലം കൊണ്ട് നിറഞ്ഞു. 2018ൽ ഉണ്ടായ പ്രളയത്തിനുശേഷം മന്ത്രി സജി ചെറിയാന്റെ നിർദ്ദേശപ്രകാരം കനാലിന് ഉൾവശം പ്ലാസ്റ്റർ ചെയ്തു വൃത്തിയാക്കിയിരുന്നു. കനാലിനുള്ളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ദുർഗന്ധവും കൊതുകും വർദ്ധിച്ചിരിക്കുകയാണ്. ഇതിനാൽ പലവിധ പകർച്ചവ്യാധികളും, മാറാരോഗങ്ങളും ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. വാർഡ് മെമ്പർ ശാലിനി രഘുനാഥിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ കനാലിലെ മാലിന്യങ്ങൾ ഒരു ഭാഗത്തേക്ക് തള്ളിനീക്കി മാറ്റിയതോടെ വെള്ളം ചെറിയ നിലയിലെങ്കിലും ഒഴുകിത്തുടങ്ങി. ഈ ഭാഗത്തേക്ക് ജെ.സി.ബിയോ മറ്റ് വാഹനങ്ങളോ കടന്നു വരൻ കഴിയാത്തത് മാലിന്യം നീക്കുന്നതിന് തടസമാകുന്നുണ്ട്. പ്രദേശവാസികളുടെ ദുരിതത്തിന് അടിയന്തരമായ നടപടി സ്വീകരിക്കുമെന്നും വാർഡ് മെമ്പറും മാന്നാർ ഗ്രാമപഞ്ചായത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ശാലിനി രഘുനാഥ് പറഞ്ഞു.