തുറവൂർ:മയക്കുമരുന്ന് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. എറണാകുളം കളമശേരി സ്വദേശിയായ സിബിൻ എന്നയാളെയാണ് ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (2) പി.എം.ആമിനകുട്ടി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. 2016 ജൂൺ 11 ന് രാത്രി 10.30 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. അരൂർ ബൈപാസിന് പടിഞ്ഞാറ് ഭാഗത്തെ മേഴ്സി സ്കൂളിന് മുൻവശം 25 ഗ്രാം തൂക്കം വരുന്ന ഹാഷിഷുമായി വിൽപ്പനയ്ക്കായി കൈവശം വച്ച് നിൽക്കുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അരൂർ എസ്.ഐ യും സംഘവും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 3 സാക്ഷികളേയും രാസപരിശോധന റിപ്പോർട്ട് അടക്കം 6 രേഖകളും തെളിവിലേക്ക് ഹാജരാക്കി. പ്രതിക്ക് വേണ്ടി ചേർത്തല ബാറിലെ അഭിഭാഷകനായ അഡ്വ.സി.എ.അരുൺ ചന്ദ് ഹാജരായി.