തുറവൂർ: നാല് ദിനം നീണ്ട നിരന്തര പരിശ്രമത്തിനൊടുവിൽ അന്ധകാരനഴി അഴിമുഖം മുറിച്ചതോടെ കടലിലേക്ക് നീരൊഴുക്ക് ശക്തമായി തുടങ്ങി. കനത്ത മഴയിൽ ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിൽ രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ടിന് ഇത് ആശ്വാസമാകും .ഏറെ നാളായി അന്ധകാരനഴി അഴിമുഖത്ത് രൂപപ്പെട്ട് കിടന്നിരുന്ന മണൽ തിട്ട ഇറിഗേഷൻ വകുപ്പിന്റെയും പട്ടണക്കാട് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 3 മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കിയാണ് ചൊവ്വാഴ്ച രാത്രി അന്ധകാരനഴി പൊഴിമുഖം മുറിച്ചത്. പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന എന്നീ 7 പഞ്ചായത്തുകളിലെ ഇടതോടുകളിലൂടെയും പൊഴിച്ചാലുകളിലൂടെയും ഒഴുകിയെത്തുന്ന പെയ്ത്തു വെള്ളം അന്ധകാരനഴി തെക്ക്, വടക്ക് ഭാഗത്തെ സ്പിൽവേ ഷട്ടറുകളിലൂടെ അഴിമുഖത്തെത്തിയാണ് കടലിലേക്ക് പോകുന്നത്.എല്ലാവർഷവും അഴിമുഖത്തെ മണ്ണ് നീക്കം ചെയ്യുന്നതിന് ലക്ഷങ്ങങ്ങളാണ് ചെലവഴിക്കുന്നത്. എന്നാൽ ജെ.സി.ബി ഉപയോഗിച്ച് ഇരുഭാഗത്തേക്കും നീക്കിയ മണ്ണ് ഇടിഞ്ഞു വീഴുന്നതും ശക്തമായ തിരമാലയും മൂലം അഴിമുഖം വീണ്ടും അടയാൻ സാദ്ധ്യത ഏറെയാണെന്നാണ് തീരദേശവാസികൾ പറയുന്നത്.