ആലപ്പുഴ: തോരാമഴയ്ക്ക് ഇന്നലെ രാവിലെ നേരിയ ശമനം നൽകിയെങ്കിലും, ആശങ്ക ഒഴിയാതെ ആലപ്പുഴ നഗരനിവാസികൾ. വീടുകളെപ്പോലെ തന്നെ ആശങ്കയിലാണ് വ്യാപാരികളും ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്കുമായിരിക്കുന്ന വ്യാപാരികളും. പ്രളയ കാലത്ത് പോലും വെള്ളം കയറാതിരുന്ന പ്രദേശങ്ങൾ ഇത്തവണ വേനൽമഴയിൽ തന്നെ മുങ്ങി. അപ്രതീക്ഷിത വെള്ളം വരവിൽ പല വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ആലപ്പുഴ തോണ്ടൻകുളങ്ങരയിലുള്ള സുരേഷിന്റെ ഉടമസ്ഥതയിലെ 67-ാം നമ്പർ റേഷൻ കട, ചാത്തനാട് റക്കീബയുടെ 64-ാം നമ്പർ റേഷൻ കട, എസ്.ഡി കോളേജിന് കിഴക്ക് ഭാഗത്തുള്ള ഇക്ബാലിന്റെ റേഷൻ കട എന്നിവിടങ്ങളിലാണ് വെള്ളം ഇരച്ചുകയറിയത്. കടക്കാർ ദ്രുതഗതിയിൽ ധാന്യങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മറ്റ് വ്യാപാര സ്ഥാപനങ്ങളും സമാന ഭീഷണിയാണ് നേരിടുന്നത്. റേഷൻ വ്യാപാരിളുടെ നഷ്ടക്കണക്ക് സിവിൽ സപ്ലൈസ് അധികൃതർ കണക്കാക്കും. അതേ സമയം മറ്റ് ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയാൽ ഭീമമായ നഷ്ടമായും ഉടമകൾ നേരിടേണ്ടിവരിക
........
# ആഴം കൂട്ടാത്തത് വിന
*കരകവിഞ്ഞൊഴുകുന്ന ജലാശയങ്ങളിൽ നിന്ന് പൊതു ഇടങ്ങളിലേക്ക് ഒഴുകിയെത്തുന്നതിലേറെയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ.
*മഴക്കാല പൂർവ്വ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജലാശയങ്ങൾ ആഴം കൂട്ടാൻ ശ്രമിച്ചിരുന്നെങ്കിൽ വെള്ളപ്പൊക്കത്തിന്റെ തോത് കുറയ്ക്കുന്നതിനൊപ്പം, മാലിന്യങ്ങളെ അകറ്റാനും സാധിക്കുമായിരുന്നു.
*അഞ്ച് വർഷത്തിനിടെ തോടുകൾ പലതും നികത്തപ്പെട്ടതോടെ പ്രളയകാലത്ത് പോലും വെള്ളം കയറാതിരുന്ന പ്രദേശങ്ങൾ ഇത്തവണ നേരത്തെ മുങ്ങി.
........
''പെട്ടെന്നുള്ള മഴയിലാണ് റേഷൻ കടകളിൽ വെള്ളം കയറിയത്. പ്രളയകാലത്ത് പോലും ഇവിടങ്ങളിൽ വെള്ളത്തിന്റെ ഭീഷണി നേരിട്ടിരുന്നില്ല.
എൻ.ഷിജീർ, റേഷൻ വ്യാപാരി